തിരുവനന്തപുരം: അദാനിയുടെ ഷെല്‍ കമ്പനിയില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധവി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടെന്ന ഹിന്‍ഡെന്‍ബര്‍ഗിന്‍റെ വെളിപ്പെടുത്തലില്‍ സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റിയുടെ അന്വേഷണമില്ലെങ്കില്‍ പ്രതിഷേധം രാജ്യ വ്യാപകമായി ശക്തമാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഞെട്ടിപ്പിക്കുന്നതാണ് ഹിന്‍ഡര്‍ബര്‍ഗിന്‍റെ റിപ്പോര്‍ട്ട് എന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
സെബി ചെയര്‍പേഴ്‌സണ്‍ രാജ്യത്തെ ഓഹരി വിപണികളെ ആകമാനം നിയന്ത്രിക്കുകയും അതിന്‍റെ വിശ്വാസ്യത നിലനിര്‍ത്തുകയും തകരാറുണ്ടാകുമ്പോള്‍ അത് പരിഹരിക്കാനും ഉത്തരവാദിതപ്പെട്ടവരാണ്. ഇതേ സെബി ചെയര്‍പേഴ്‌സണ് അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന വാര്‍ത്ത എങ്ങനെയാണ് സര്‍ക്കാര്‍ രാജ്യദ്രോഹമായിട്ട് കാണുന്നതെന്ന് മനസിലാകുന്നില്ല. രാജ്യത്തെ ഓഹരി വിപണികളുടെ വിശ്വാസ്യത മുഴുവന്‍ തകര്‍ക്കത്തക്കവണ്ണം സെബിയുടെ ചെയര്‍പേഴ്‌സണ്‍ തന്നെ ആരോപണത്തിന് വിധേയനാകുന്നു. ആ കസേരയില്‍ അദ്ദേഹം തുടരുന്നതാണ് തനിക്ക് മനസിലാകാത്ത കാര്യമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
സമാനമായ കേസില്‍ മുന്‍പ് സുപ്രീംകോടതി കേസെടുത്തപ്പോള്‍ സെബിയില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ട് അവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസിന് തീര്‍പ്പ് കല്‍പ്പിച്ചത്. പക്ഷെ ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരമുള്ള കാര്യങ്ങള്‍ മറച്ചുവെച്ചതിന് സുപ്രീംകോടതി തന്നെ സ്വമേധയാ നടപടിയെടുക്കേണ്ടതാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണങ്ങളില്‍ ഒന്നായി മാറുകയാണിത്.
സെബി ചെയര്‍പേഴ്‌സന്‍റെ ഭര്‍ത്താവും ഇതിനകത്ത് ഉള്‍പ്പെട്ടിരിക്കുന്നു. ജോയിന്‍റ് പാര്‍ലമെന്‍ററി അന്വേഷണത്തിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാകൂ. ഈ ആവശ്യം ഞങ്ങള്‍ ശക്തിപ്പെടുത്തുന്നു.
രാജ്യത്താകമാനും കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും ഇക്കാര്യം ഉന്നയിക്കും. ഇതിനായുള്ള സമ്മര്‍ദം തുടരുകയും ചെയ്യും. വിഷയം തിരിച്ചു വിടാനാണ് രാഹുല്‍ ഗാന്ധിക്ക് ഇ ഡി നോട്ടിസ് നല്‍കുന്നത്.
മോദിയാണ് അദാനിയെ ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത്. മോദി ഒരക്ഷരം മിണ്ടുന്നില്ല. കൃത്യമായ അന്വേഷണം ആവശ്യമാണ്.
രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് കൊടുത്ത് ഭീഷണിപ്പെടുത്താമെന്ന് വിചാരിക്കേണ്ട. പതിനായിര കണക്കിന് ആളുകളുടെ ഓഹരി നിക്ഷേപം ഇവിടെ ആശങ്കയിലാണ്. ജോയിന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റിയുടെ അന്വേഷണം അനുവദിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തും.
ഈ ക്രമക്കേട് ഉന്നയിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ജോയിന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റിയെ ഭയപ്പെടുന്നത് എന്ത് കൊണ്ടാണെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. അവര്‍ക്ക് ഭൂരിപക്ഷമുള്ള, അവര്‍ തന്നെ ചെയര്‍മാനായ ജോയിന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റിയാകും നിലവില്‍ വരിക. അത് കൊണ്ടുതന്നെ ഭയപ്പെടാന്‍ എന്തോ ഉള്ളത് കൊണ്ടാണ് ഭയപ്പെടുന്നതെന്ന് വ്യക്തമാണെന്നും കെ സി വേണുഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Also Read : 'ഹിൻഡൻബർഗ് ആരോപണം ഗൗരവമേറിയത്'; സെബി മേധാവി എന്തുകൊണ്ട് രാജിവെക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി