കാസർകോട്: ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനംനൊന്ത് ഡ്രൈവർ അബ്‌ദുൾ സത്താർ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ചന്തേര പൊലീസ് സബ് ഇൻസ്പെക്‌ടർ പി അനൂപിനെയാണ് സസ്പെൻഡ് ചെയ്‌തത്. സംഭവം നടക്കുമ്പോൾ
കാസർകോട് സബ് ഇൻസ്പെക്‌ടർ ആയിരുന്നു അനൂപ്. ഡ്രൈവറുടെ ആത്മഹത്യയ്ക്ക് പിന്നാലെ അനൂപിനെ ചന്തേരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നാലെയാണ് വകുപ്പ് തല അന്വേഷണത്തിന് ശേഷം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ നടപടി എടുത്തത്.
എസ്ഐക്ക് എതിരെ ഉയർന്നു വന്ന പരാതികളിൽ എല്ലാം അന്വേഷണം ഉണ്ടാകും. അനൂപിനെ സർവീസിൽ നിന്ന് നീക്കണമെന്ന് അബ്‌ദുൾ സത്താറിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അതിനിടെ എസ്ഐ അനൂപ് ഓട്ടോറിക്ഷ തൊഴിലാളികളോട് മോശമായി പെരുമാറുന്ന വീഡിയോയും പുറത്ത് വന്നു. കാസർകോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ നൗഷാദിനോട് എസ് ഐ മോശമായി പെരുമാറുന്നതാണ് വീഡിയോയിൽ ഉള്ളത്.
ഓട്ടോ ഡ്രൈവർ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാതിരുന്നപ്പോൾ എസ്ഐ അനൂപ് ഇടപെട്ടതാണെന്നാണ് പൊലീസിന്‍റെ വിശദീകരണം.
ഓട്ടോ ഡ്രൈവർമാരോട് എസ്ഐ പകയോടെയാണ് പെരുമാറിയതെന്ന പരാതിയെ തുടർന്ന് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ തിങ്കളാഴ്‌ച വൈകിട്ടാണ് ഓട്ടോ ഡ്രൈവറും മംഗലാപുരം സ്വദേശിയുമായ അബ്‌ദുള്‍ സത്താറിനെ കാസർകോട് റെയിൽവേ സ്‌റ്റേഷന് സമീപത്തെ ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അകാരണമായി തൻ്റെ ഓട്ടോ പൊലീസ് പിടിച്ചുവച്ചുവെന്നും മറ്റ് മാർഗമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഫെയ്‌സ് ബുക്കിൽ അബ്‌ദുൾ സത്താർ കുറിപ്പ് എഴുതിയിരുന്നു. ഇതിന് പിന്നാലെ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് കാസർകോട് റെയിൽവേ സ്‌റ്റേഷന് സമീപത്തെ ക്വാട്ടേഴ്‌സിൽ സത്താറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം മൂന്നിന് ആണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയെന്നാരോപിച്ച് അബ്‌ദുൾ സത്താറിൻ്റെ ഓട്ടോ പൊലീസ് പിടിച്ചെടുത്തത്. എസ്ഐ അനൂപിനെതിരെ നടപടി ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ കാസർകോട് ടൗൺ പൊലീസ് സ്‌റ്റേഷനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.
Also Read:കാസര്‍കോട് ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ