തൃശൂർ: മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌ത സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കമ്മിഷണര്‍. അനിൽ അക്കര എംഎൽഎ നൽകിയ പരാതിയിലാണ് നടപടി. തൃശൂർ സിറ്റി എസിപിക്കാണ് അന്വേഷണ ചുമതല.
പരാതിക്കാരനിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും വേണ്ടി വന്നാൽ മൊഴിയെടുക്കുമെന്ന് എസിപി അറിയിച്ചു. ഇന്നലെയാണ് (ഓഗസ്റ്റ് 27) കേസിനാസ്‌പദമായ സംഭവം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ നടന്‍ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളെ കുറിച്ച് ആരാഞ്ഞപ്പോഴാണ് മന്ത്രി മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തത്.
വിഷയത്തില്‍ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരെ പിടിച്ച് തള്ളുകയായിരുന്നു. ഇതിന് പിന്നാലെ കെയുഡബ്ല്യൂജെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് അനില്‍ അക്കരയുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം എംഎല്‍എ മുകേഷിന്‍റെ രാജി വിഷയത്തിൽ സുരേഷ് ഗോപിയെ തള്ളി ബിജെപി നേതൃത്വം രംഗത്തെത്തി.
Also Read: മാധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറി; സുരേഷ് ഗോപിക്കെതിരെ കെയുഡബ്ല്യൂജെ പ്രതിഷേധം