ഇടുക്കി : പൂപ്പാറ മൂലത്തറയിൽ വീണ്ടും കാട്ടാന ഭീതി. കുട്ടിയാന ഉൾപ്പടെ ഏഴ് കാട്ടാനകൾ അടങ്ങുന്ന കൂട്ടം ജനവാസ മേഖലയിൽ പതിവായി ഇറങ്ങുന്നു. ഏക്കർ കണക്കിന് ഭൂമിയിലെ ഏലം കൃഷി നശിപ്പിച്ചതായും പ്രദേശവാസികള്‍.
ഒരാഴ്‌ചയിൽ അധികമായി കാട്ടാന കൂട്ടം മൂലത്തറയിൽ പതിവായി എത്താറുണ്ട്. കഴിഞ്ഞ രാത്രിയിൽ എത്തിയ ആനകൾ വ്യാപക നാശം വിതച്ചു. അഞ്ച് കർഷകരുടെ തോട്ടത്തിലാണ് ആനക്കൂട്ടം എത്തിയത്. ചെടികൾ ചവിട്ടി ഒടിയ്ക്കുകയും പിഴുതു കളയുകയും ചെയ്‌തു. ചക്കക്കൊമ്പനും മേഖലയിൽ പതിവായി എത്താറുണ്ട്. കഴിഞ്ഞ ദിവസം ദേശീയ പാതയിലും ചക്കക്കൊമ്പൻ ഇറങ്ങിയിരുന്നു.
ഒറ്റയാൻ വീടുകൾക്ക് സമീപം എത്തുന്നതും പതിവാണ്. ഇതിന് പുറമെയാണ് കൃഷിയിടത്തിൽ ആനക്കൂട്ടം നാശം വിതയ്ക്കുന്നത്. പകൽ സമയത്ത് പോലും കൃഷിയിടങ്ങളിലേക്ക് പോകാൻ സാധിയ്ക്കാത്ത അവസ്ഥ ആണുള്ളത് എന്ന് കര്‍ഷകര്‍ പറയുന്നു. ഇതോടെ മഴക്കാലത്തിനു മുൻപ് ചെയ്‌ത് തീർക്കേണ്ട കാർഷിക ജോലികളും പാതിവഴിയിലായി.
Also Read: ഇടുക്കിയിൽ വന്യമൃഗശല്യം രൂക്ഷം ; വഴിവിളക്കുകളുടെ അഭാവത്തിൽ ഇരുട്ടിൽ തപ്പി കാഞ്ചിയാർ സ്വദേശികൾ