തൃശൂര്‍: ഈച്ച ശല്യത്തില്‍ പൊറുതിമുട്ടി കുരിയച്ചിറ നിവാസികള്‍. കുരിയച്ചിറയിലെ അറവുശാലയ്‌ക്ക് സമീപം കോർപറേഷൻ സ്ഥാപിച്ച ഒഡബ്ല്യൂഎസ് പ്ലാന്‍റാണ് ഈച്ച ശല്യത്തിന് കാരണമെന്ന് നാട്ടുകാര്‍. പ്ലാന്‍റിന്‍റെ അശാസ്‌ത്രീയ നടത്തിപ്പാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
ഈച്ച ശല്യം കാരണം വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലും സാധിക്കാത്ത സ്ഥിതിയിലാണ് പ്രദേശവാസികള്‍. വീടുകള്‍ തോറും പാറി നടക്കുന്നത് ആയിരക്കണക്കിന് ഈച്ചകളാണ്. കോർപറേഷന്‍റെ 22 ഡിവിഷനിൽ നിന്നുള്ള മാലിന്യങ്ങളാണ് പ്ലാന്‍റിലെത്തിക്കുന്നത്. എന്നാല്‍ ഇവ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഒന്നര മാസമായി സ്ഥലത്തെത്തിച്ച മാലിന്യം സംസ്‌കരിക്കാതെ കിടക്കുകയാണ്. ഇതാണ് ഈച്ച ശല്യം അധികരിക്കാന്‍ കാരണം. അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങളും ഈച്ച പെരുകുന്നതിന് കാരണമാകുന്നുണ്ട്. കൂടാതെ കോർപറേഷന്‍റെ ശ്‌മശാനത്തിന്‍റെ പ്രവര്‍ത്തനങ്ങളും അവതാളത്തിലാണെന്ന് ആരോപണമുയരുന്നുണ്ട്.
ശ്‌മശാനത്തിലെ പുക കുഴലിന്‍റെ മുകള്‍ ഭാഗം ദ്രവിച്ചിരിക്കുകയാണ്. അതുകൊണ്ട് മൃതദേഹം ദഹിപ്പിക്കുന്ന സമയത്ത് അസഹനീയമായ പുകയും ഗന്ധവുമാണ് പ്രദേശത്തുണ്ടാവുകയെന്നും ജനങ്ങള്‍ പറയുന്നു. ഈ ശ്‌മശാനത്തിന് പുറമെ വിവിധയിടങ്ങളില്‍ നിന്നുള്ള മൃഗങ്ങളുടെ ജഡങ്ങളും ഇവിടെയെത്തിച്ച് ദഹിപ്പിക്കുന്നുണ്ട്.
നിരവധി വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള പ്രദേശമാണ് കുരിയിച്ചിറ. നാട്ടുകാര്‍ പലതവണ പരാതി നല്‍കിയിട്ടും ഇതിനെതിരെ അധികൃതര്‍ നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മോണിറ്ററിങ് കമ്മിറ്റി കൂടിയിട്ട് 11 മാസം പിന്നിട്ടു. വിഷയത്തില്‍ ഉടനടി അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Also Read: പാറ്റ ശല്യം രൂക്ഷമോ? ഈ അടുക്കള സാധനങ്ങള്‍ മാത്രം മതി, തുരത്താം പ്രകൃതിദത്തമായി