പത്തനംതിട്ട: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ തീരുമാനത്തിനെതിരെ സംയുക്ത യോഗം ചേരാനൊരുങ്ങി ഹൈന്ദവ സംഘടനകള്‍. ഈ മാസം 26 ന് പന്തളത്താണ് ഹൈന്ദവ സംഘടനകള്‍ യോഗം വിളിച്ചിരിക്കുന്നത്. ഈ മാസം 16 ന് പന്തളത്ത് നാമജപ പ്രാര്‍ഥന നടത്താനും തീരുമാനിച്ചു. പന്തളം തിരുവാഭരണ മാളികയിലാണ് നാമജപ പ്രാര്‍ഥന നടത്തുക. കര്‍മ്മപദ്ധതിക്ക് യോഗത്തില്‍ രൂപം നല്‍കും.
വെര്‍ച്വല്‍ ക്യൂവിന് പിന്നില്‍ തീര്‍ഥാടകരെ നിയന്ത്രിക്കുക എന്ന ഗൂഡലക്ഷ്യമാണെന്ന് സംഘടനകള്‍ പറഞ്ഞു. തീര്‍ഥാടകരുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പരിഷ്‌കാരത്തിന്‍റെ പേരില്‍ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.
മാറി മാറി വരുന്ന സര്‍ക്കാരുകളും ബോര്‍ഡും ഭക്തരെ ചൂഷണം ചെയ്യുന്നു. ഭക്തരുടെ വിവര ശേഖരണം മാത്രം സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും സംഘടനകള്‍ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാല്‍നടയായി നിരവധി ഭക്തര്‍ ശബരിമലയില്‍ എത്തുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായാല്‍ കൃത്യസമയത്ത് ഭക്തര്‍ക്ക് എത്താനാകില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉള്‍പ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്‌ത് തീരുമാനിച്ചത്.
ആര്‍എസ്‌എസ് ഉൾപ്പെടെ എല്ലാ സംഘടനകളെയും പന്തളത്ത് ചേരുന്ന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടനത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനാസ്ഥ കാട്ടുന്നുവെന്നാണ് ആരോപണം. സമര പരിപാടികള്‍, ബോധവത്കരണം എന്നിവ നടത്താനുമാണ് തീരുമാനം. പന്തളം കൊട്ടാരത്തിന്‍റെ നേതൃത്വത്തില്‍ വിവിധ അയ്യപ്പ ഭക്ത സംഘടനകളുടെ ഭാരവാഹികള്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.