എറണാകുളം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രിബ്യൂണൽ ഉത്തരവിനെതിരായ സർക്കാരിന്‍റെയും ഏതാനും അധ്യാപകരുടെയും ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. സർക്കാർ ഉത്തരവ് ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയായിരുന്നു ട്രിബ്യൂണൽ ഉത്തരവ്.
ട്രിബ്യൂണൽ ഉത്തരവിനെ തുടർന്ന് സ്‌കൂളിൽ നിന്ന് വിടുതൽ നേടിയ അധ്യാപകർക്ക് പുതിയ സ്ഥലത്ത് ഹാജരാകാനാകാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിൽ സർക്കാരുൾപ്പെടെ ഹർജികൾ നൽകിയത്. സ്ഥലംമാറ്റത്തിനെതിരെ ട്രിബ്യൂണലിനെ സമീപിച്ചത് 24 അധ്യാപകർ മാത്രമാണെന്നും അതിൽ ഒമ്പത് പേർ മാത്രമാണ് സ്ഥലംമാറ്റത്തിന് മുന്നോടിയായുള്ള താൽക്കാലിക പട്ടികയിൽ എതിർപ്പ് ഉന്നയിച്ചതെന്നും സർക്കാർ അറിയിച്ചിരുന്നു.
മുൻ വർഷങ്ങളിലെ പോലെ മാർഗനിർദേശങ്ങൾ പാലിച്ചാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സർക്കാർ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ജസ്‌റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കിയത്. കൂടാതെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയ കെഎടി നടപടി കാരണം സ്‌കൂളുകളുടെ പ്രവർത്തനം തടസപ്പെടുന്നുവെന്ന ആക്ഷേപവും സർക്കാർ ഉന്നയിച്ചിരുന്നു.
Also Read: ഡോ. വന്ദന ദാസ് കൊലക്കേസ്; വിചാരണ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി