എറണാകുളം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശേരി മെഡിക്കൽ കോളജിന്‍റെ തീരുമാനത്തിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി അടുത്തയാഴ്‌ച വിധി പറയാനായി മാറ്റി. ലോറൻസിന്‍റെ മൃതശരീരം മെഡിക്കൽ കോളജിന് വിട്ടുനൽകാൻ നേരത്തെ രേഖാമൂലം സമ്മതം നൽകിയിരുന്ന മകളായ സുജാത ഇക്കാര്യം ഹൈക്കോടതിയിൽ നിഷേധിച്ചു.
മൃതദേഹത്തിനരികിലിരിക്കെ ബന്ധുക്കൾ പെട്ടെന്ന് ചില രേഖകളിൽ ഒപ്പിട്ടു വാങ്ങുകയായിരുന്നുവെന്നാണ് സുജാതയുടെ നിലപാട്. കൃത്യമായ ബോധ്യത്തോടെയല്ല താൻ സമ്മതപത്രം ഒപ്പിട്ട് നൽകിയത്, കൂടാതെ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ നടത്തിയ ഹിയറിങ് സുതാര്യമായിരുന്നില്ലെന്നും മതാചാരപ്രകാരം പിതാവിന്‍റെ മൃതശരീരം സംസ്‌കരിക്കാൻ വിട്ട് കിട്ടണമെന്നും സുജാതയും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പള്ളിയിൽ തന്നെ സംസ്‌കരിക്കണമെന്ന് എംഎം ലോറൻസ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുജാത കോടതിയിൽ വ്യക്തമാക്കി. ഇളയ മകൾ ആശ ലോറൻസിന്‍റെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് സഹോദരി സുജാതയുടെ മറുപടി സത്യവാങ്മൂലം.
നിലവിൽ എംഎം ലോറൻസിന്‍റെ മൃതശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കണമെന്ന ഇടക്കാല ഉത്തരവ് ബുധനാഴ്‌ച വരെ തുടരും. മെഡിക്കൽ കോളജ് ഉപദേശക സമിതി മൂത്ത മകന്‍റെയും പാർട്ടിയുടെയും സ്വാധീനത്തിന് വഴങ്ങിയാണ് തീരുമാനമെടുത്തതെന്നും സമിതിക്ക് മുന്നിൽ ഹാജരായ തനിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടുവെന്നുമാണ് ലോറൻസിന്‍റെ മകൾ ആശ ലോറൻസിന്‍റെ ആരോപണം. ശരിയായ ഹിയറിങ് നടത്തി അന്തിമ തീരുമാനം കൈക്കൊള്ളണമെന്നും ആശ ലോറൻസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
Also Read: എംഎം ലോറൻസിന്‍റെ മൃതദേഹം ഒരാഴ്‌ച കൂടി മോർച്ചറിയിൽ സൂക്ഷിക്കും; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി