എറണാകുളം: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന് അബ്രാഹമണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേരളത്തിൽ ജനിച്ച മലയാള ബ്രാഹ്മണരെ മാത്രം നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
മേൽശാന്തി നിയമത്തിനുള്ള അധികാരി ദേവസ്വം ബോർഡ് ആണെന്നും, ശബരിമലയിലെ പ്രത്യേകതകളെല്ലാം കണക്കിലെടുത്താണ് ദേവസ്വം നിയമനം നടത്തുന്നതെന്നും, ഇക്കാര്യത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഹൈക്കോടതി ദേവസ്വം ബഞ്ച് വ്യക്തമാക്കി.
കോട്ടയം സ്വദേശി വിഷ്‌ണു നാരായണൻ അടക്കമുള്ള 6 പേരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡിന്‍റെ നിയമന വിജ്ഞാപനം മൗലികാവകാശത്തിന്‍റെ ലംഘനമാണെന്നും, പൂജാകർമ്മങ്ങൾ അറിയുന്ന ഹിന്ദു സമൂഹത്തിലെ ആർക്കും നിയമനത്തിന് യോഗ്യതയുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. അതേസമയം ശബരിമലയിലെ മേൽശാന്തി നിയമനം പൊതു നിയമനമല്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.
Also Read: ശബരിമല: ഇത്തവണത്തെ വരുമാനം 357.47 കോടി: കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്