തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുറത്തെടുത്ത മൃതദേഹത്തിന്‍റെ ഇന്‍ക്വസ്‌റ്റ് പരിശോധനയിലും പോസ്‌റ്റുമോര്‍ട്ടത്തിന്‍റെ പ്രാഥമിക പരിശോധനയിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.
മൃതദേഹത്തില്‍ മുറിവുകളോ മറ്റ് പരിക്കുകളോ കണ്ടെത്താനായില്ല. അതേ സമയം ഉള്ളില്‍ വിഷവസ്‌തുക്കള്‍പോലുള്ള എന്തിന്‍റെയെങ്കിലും സാന്നിധ്യം കണ്ടെത്തണമെങ്കില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തു വന്ന ശേഷം മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. അത് ലഭിക്കാന്‍ കുറഞ്ഞത് ഒരാഴ്‌ചയെങ്കിലും വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് നെയ്യാറ്റിന്‍കര അതിയന്നൂരിലെ ഗോപന്‍ സ്വാമിയുടെ വീടിനു സമീപത്തുള്ള സമാധി കല്ലറ പൊളിച്ചു മാറ്റി മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
മൃതദേഹം നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ ഇന്ന് സൂക്ഷിച്ച ശേഷം നാളെ വൈകിട്ട് മഹാസമാധി ചടങ്ങുകളോടെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മഹാസമാധിയാണെന്ന് ഇതോടെ തെളിഞ്ഞെന്നാണ് അദ്ദേഹത്തിന്‍റെ മൂത്തമകന്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം പ്രതികരിച്ചത്.