തിരുവനന്തപുരം: കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ സജീവമായിരുന്ന സ്വർണം പൊട്ടിക്കൽ സംഘം തലസ്ഥാനത്തേക്കും വ്യാപിക്കുന്നു. സ്വർണക്കടത്തിന്‍റെ ക്യാരിയർ ആയിരുന്ന തമിഴ്‌നാട് സ്വദേശിയെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത് തിരുവനന്തപുരത്തെ സ്വർണം പൊട്ടിക്കൽ സംഘമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ശ്യംഖല തിരുവനന്തപുരത്തേക്കും വ്യാപിച്ചതായി പൊലീസിന് വിവരം ലഭിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഓട്ടോറിക്ഷയിൽ മടങ്ങവേ തമിഴ്‌നാട് തിരുനെൽവേലി സ്വദേശി മുഹമ്മദ് ഉമ്മർ എന്നയാളെ ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചുകൊണ്ട് പൊലീസ് നടത്തിയ അന്വേഷണമാണ് തലസ്ഥാനത്തെ സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക് എത്തിച്ചത്. സിംഗപ്പൂരിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ കടത്തിക്കൊണ്ടു വരുന്ന സ്വർണം വാങ്ങി മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിനുള്ള ക്യാരിയറായാണ് ഉമർ എത്തിയത്.
എന്നാൽ ഈ സ്വർണം കസ്റ്റംസ് തടഞ്ഞുവച്ചു. ഇതറിയാതെ വെറും കൈയോടെ മടങ്ങിയ ഉമറിനെ സ്വർണം പൊട്ടിക്കൽ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാൽ ഉമറിൻ്റെ കയ്യിൽ സ്വർണമില്ലെന്ന് മനസിലായതോടെ സംഘം ഉമറിനെ വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് വിവരം.
വിമാനത്താവളത്തിൽ നിന്നും തമ്പാനൂരിലേക്ക് ഓട്ടോയിൽ സഞ്ചരിക്കവേ ബുധനാഴ്‌ച പുലർച്ചെ ഒരു മണിയോടെ ശ്രീകണ്‌ഠേശ്വരത്ത് വച്ചാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം ഉമറിനെ പിടിച്ചു കൊണ്ടുപോയത്. ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ വഞ്ചിയൂർ പൊലീസാണ് നിലവിൽ അന്വേഷണം നടത്തുന്നത്.
മറ്റ് പ്രതികൾക്കായി തിരുവനന്തപുരത്തും തമിഴ്‌നാടും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിനെ കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചതായാണ് വിവരം. ഉമറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.