കോഴിക്കോട്: കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ കേസുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ഥികൾക്ക് സസ്പെൻഷൻ. അമൽ എന്ന രണ്ടാം വർഷ വിദ്യാര്‍ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ട് പേരെയാണ് സസ്പെന്‍റ് ചെയ്‌തത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അനുനാഥ് എ ആർ, അഖിൽ കൃഷ്‌ണ ആർ എന്നിവർക്കെതിരെയാണ് നടപടി.
അനുനാഥിന്‍റെ പരാതിയിൽ മുഹമ്മദ് ഷഫാഖ്, ആദിത്യൻ, ആദർഷ് എന്നിവരെയും സസ്പെന്‍റ് ചെയ്‌തു. അഞ്ച് പേരും കുറ്റക്കാരാണെന്ന് പ്രാഥമികമായി കോളജ് അധികൃതർക്ക് മനസിലായിട്ടുണ്ട്. ഇതിനെ തുടർന്നാണ് നടപടി. അതേസമയം കോളജ് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മിഷന്‍റെയും റാഗിംഗ് കമ്മറ്റിയുടേയും റിപ്പോർട്ട് വന്ന ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങളെടുക്കുക. പൊലീസ് അന്വേഷണവും തുടരുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്‌ച (മാർച്ച് 4)നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കോളജിന് അടുത്തുള്ള സ്ഥലത്ത് വച്ച് വിദ്യാർഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ അമലിനെ ആശുപത്രിയില്‍ എത്തിച്ചു.
അപകടത്തില്‍ പരിക്കേറ്റതാണെന്ന് പറഞ്ഞാണ് അമലിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്നും തിരിച്ച് വീട്ടിലെത്തിയ അമല്‍ മര്‍ദന വിവരം പറഞ്ഞു. ഇതോടെയാണ് കുടുംബം കൊയിലാണ്ടി പൊലീസിന് പരാതി നല്‍കിയത്. എന്നാല്‍ മര്‍ദന വിവരം എസ്‌എഫ്‌ഐ തള്ളി.
സംഭവത്തില്‍ പ്രതിഷേധവുമായി കെഎസ്‌യു രംഗത്തെത്തിയിരുന്നു. തുടർന്ന് അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്ന പ്രിന്‍സിപ്പലിന്‍റെ ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Also read: വിദ്യാര്‍ഥിയെ എസ്‌എഫ്‌ഐ മര്‍ദിച്ച സംഭവം; കോളജിലേക്ക് പ്രതിഷേധവുമായി കെഎസ്‌യു