തൃശൂര്‍: മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കത്തിക്കുത്തേറ്റ് ഇരുപത്തൊന്നുകാരന്‍ മരിച്ച സംഭവത്തില്‍ അഞ്ചോളം പേര്‍ പോലീസ് കസ്‌റ്റഡിയിലായതായി സൂചന. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതികളായ പ്രദേശവാസികള്‍ ഉള്‍പെടെയാണ് കസ്‌റ്റഡിയിലായതെന്നാണ് വിവരം. ഇതിനിടെ സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ടിന് പിന്നാലെ ആലുംപറമ്പില്‍ വെച്ചാണ് സംഘർഷം ഉണ്ടായത്. രണ്ട് സംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടയിലായിരുന്നു കത്തികൊണ്ടുള്ള ആക്രമണം. അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയായ അക്ഷയ് (21) ആണ് മരിച്ചത്.
നെഞ്ചിനോട് ചേര്‍ന്നാണ് അക്ഷയ്‌ക്ക് കുത്തേറ്റത്. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രതികളെന്ന് കരുതുന്നവര്‍ വലിയ സംഘമായി ആക്രമണം നടന്ന സ്ഥലത്തേയ്ക്ക് എത്തുന്ന ദൃശ്യങ്ങളും, ആക്രമണം നടക്കുന്നതിനിടെ ആളുകള്‍ ചിതറി ഓടുന്നതുമായ ദൃശ്യങ്ങളുമാണ് പുറത്ത് വന്നത്.
രണ്ടുമാസം മുമ്പ് മൂര്‍ക്കനാട് വെച്ച് നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റിനിടെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആനന്ദപുരം സ്വദേശി സന്തോഷിന്‍റെ നില ഗുരുതരമായി തുടരുകയാണ്. ഇയാളുടെ ആന്തരിക അവയങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വിദഗ്‌ധ ചികിത്സയ്ക്കായി ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
സംഭവത്തിൽ പരിക്കേറ്റ ആനന്ദപുരം സ്വദേശി സഹില്‍, മൂര്‍ക്കനാട് സ്വദേശി പ്രജിത്ത്, കൊടകര സ്വദേശി മനോജ്, നെടുമ്പാള്‍ സ്വദേശി നിഖില്‍ എന്നിവര്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Also read: തൃശൂരിൽ ക്ഷേത്രോത്സവത്തിനിടെ സംഘർഷം; കുത്തേറ്റ് യുവാവ് മരിച്ചു, 5 പേർക്ക് പരിക്ക്