കോഴിക്കോട്: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ സോഷ്യൽ മീഡിയ വഴി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്ന പേരിൽ വ്യാജ പ്രചരണം നടത്തിയതിനെതിരെ കേസെടുത്തു. ഷാഫി മലബാർ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തിയത്.
കോഴിക്കോട് കാരന്തൂർ മർക്കസിലെ ജോയിൻ ഡയറക്‌ടർ കെ കെ ഷമീമിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഏതു മുന്നണിയെ പിന്തുണയ്ക്കണം എന്ന കാര്യമാണ് കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ തീരുമാനമായി പ്രചരിപ്പിച്ചത്.
പാർലമെന്‍റ് തെരഞ്ഞെടുപ്പ് കേരളത്തിൽ ഏതു മുന്നണി ജയിച്ചാലും കേന്ദ്രത്തിൽ ഒരേ നിലപാടാകും എന്നതുകൊണ്ട് ആര് ജയിക്കണം തോൽക്കണം എന്നതിലെ വാശി പ്രകടിപ്പിക്കേണ്ട കാര്യമില്ല. എന്നിരുന്നാലും കോൺഗ്രസ് വലിയ ഒറ്റക്കക്ഷി ആവാൻ വേണ്ടി നിലപാടെടുക്കുന്നതാണ് നല്ലത് എന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു എന്ന രീതിയിലുള്ള പ്രചരണമാണ് സോഷ്യൽ മീഡിയ വഴി ഷാഫി മലബാർ എന്ന പേരിൽ പ്രചരിപ്പിച്ചത്.
മർക്കസിന്‍റെ പേരും സീലുമുള്ള ലെറ്റർ ഹെഡ് ഉപയോഗിച്ചാണ് ഇക്കാര്യം പ്രചരിപ്പിച്ചത്. ഏപ്രിൽ ഒന്നാം തീയതിയാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ പ്രചരണം നടത്തുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. അന്നുതന്നെ ഇതിനെതിരെ നിഷേധക്കുറിപ്പ് അറിയിച്ചെങ്കിലും വീണ്ടും ഇത്തരത്തിലുള്ള പ്രചരണം വ്യാപകമായി നടന്നതോടെയാണ് പരാതി നൽകിയത്.
ഇതിനുപുറമേ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ ഫോട്ടോ പതിച്ച പ്രസ്‌താവനകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കുന്ദമംഗലം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.