തിരുവനന്തപുരം: മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സംഘം ഇന്ന് (13-08-2024) പരിശോധന നടത്തും. നാഷണൽ സെന്‍റർ ഫോർ ജിയോസയൻസസിലെ മുതിർന്ന ശാസ്‌ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. ദുരന്തമേഖലയുടെ വിവിധ ഭാഗങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും അപകട സാധ്യതകൾ സംഘം വിലയിരുത്തും.
ദുരന്തമുണ്ടായത് എങ്ങനെയെന്നും ഉരുൾപൊട്ടലിൽ എന്ത് പ്രതിഭാസങ്ങളാണ് ഉണ്ടായതെന്നും വിശദമായി പരിശോധിക്കും. വിദഗ്‌ധ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. പ്രദേശത്തിന് അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്‌ധ സമിതി ശുപാർശ ചെയ്യും.
ജലവുമായി ബന്ധപ്പെട്ട ദുരന്തനിവാരണ കേന്ദ്രം (സിഡബ്ല്യുആർഎം) മേധാവിയും പ്രിൻസിപ്പൽ സയന്‍റിസ്റ്റുമായ ഡോ ടി കെ ദൃശ്യ്, സൂറത്ത്കൽ എൻഐടി അസോസിയേറ്റ് പ്രൊഫസർ ഡോ ശ്രീവൽസ കോലത്തയാർ, ജില്ലാ സോയില്‍ കണ്‍സര്‍വേറ്റീവ് ഓഫിസർ താര മനോഹരൻ, കേരള ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി ഹസാർഡ്, റിസ്‌ക് അനലിസ്റ്റ് പി.പ്രദീപ് എന്നിവരും വിദഗ്‌ധ സംഘത്തിലുണ്ട്. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി ആക്‌ട് 24(എച്ച്) പ്രകാരമാണ് സംഘം പ്രവർത്തിക്കുന്നത്.
ഇതുകൂടാതെ ദുരന്തമേഖലകളിലെ സേവനത്തിന് മെഡിക്കൽ കോളജുകളിൽ നിന്ന് കൂടുതൽ സൈക്യാട്രി വിദഗ്‌ധ ഡോക്‌ടർമാരെ നിയമിക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിർദേശം നൽകി. ആരോഗ്യ വകുപ്പിലെ മാനസികരോഗ വിദഗ്‌ധർക്കും കൗൺസിലർമാർക്കും പുറമെയാണിത്. കുട്ടികളുൾപ്പെടെയുള്ളവരുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. വ്യക്തിഗതവും ഗ്രൂപ്പും കൗൺസിലിങ്ങും സംഘം നൽകുന്നുണ്ട്.
സംഘം ഇതുവരെ 1592 വീടുകൾ സന്ദർശിച്ച് ആരോഗ്യ പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 12 ആരോഗ്യ സംഘങ്ങൾ 274 വീടുകൾ സന്ദർശിച്ചു. സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും. ആയുഷ് സേവനങ്ങളും പ്രദേശത്ത് ലഭ്യമാക്കിയിട്ടുണ്ട്.
Also Read : 'കേരളം തങ്ങളെയും പരിഗണിക്കണം'; വയനാട് ഉരുള്‍ കവര്‍ന്ന ഉറ്റവരെയോര്‍ത്ത് വേദനയില്‍ ബിഹാറിലെ ഒരു ഗ്രാമം