കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്‌ചയെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി നല്‍കിയ അന്തിമ റിപ്പോര്‍ട്ടിലാണ് നാട്ടാന പരിപാലന ചട്ടത്തില്‍ വീഴ്‌ച വരുത്തിയെന്നടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വനം വകുപ്പ് മന്ത്രിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഗുരുവായൂര്‍ പീതാംബരന്‍ എന്ന ആനയ്ക്ക് മറ്റ് ആനകളെ ഉപദ്രവിക്കുന്ന സ്വഭാവം നേരത്തേ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആനയുടെ രക്ത പരിശോധനയില്‍ മദപ്പാടിനുള്ള സാധ്യതയും കണ്ടെത്തി. ഘോഷയാത്രയുടെ സമയത്ത് ആനയുടെ കാലില്‍ ഇടച്ചങ്ങലയുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപകട ശേഷം എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളുടെ ഹോർമോൺ പരിശോധന (ടെസ്റ്റോസ്റ്റിറോണ്‍) നടത്തിയിരുന്നു. പീതാംബരനില്‍ ഈ ഹോര്‍മോണിന്‍റെ അളവ് നാല് മടങ്ങ് അധികമാണെന്നാണ് കണ്ടെത്തല്‍. ടെസ്റ്റോസ്റ്റിറോണ്‍ കൂടിയാല്‍ ആനകളില്‍ മദപ്പാടിനുള്ള സാധ്യതയുണ്ടാകും. മുമ്പ് അഞ്ച് തവണ ഗുരുവായൂര്‍ പീതാംബരന്‍ സമാന രീതിയില്‍ ഇടയുകയും സമീപത്തുണ്ടായിരുന്ന ആനകളെ ആക്രമിച്ച ചരിത്രവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത്തരത്തിലുള്ള ഒരാനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാന്‍ പാടില്ലായിരുന്നു. ക്ഷേത്രത്തില്‍ അലക്ഷ്യമായി പടക്കങ്ങള്‍ പൊട്ടിച്ചിരുന്നു. ഈ ശബ്‌ദത്തില്‍ പീതാംബരന്‍ പ്രകോപിതനായെന്നും റിപ്പോര്‍ട്ടിലുണ്ട്. ആനകള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ലെന്നും ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആറിന നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ആനകള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണം. ആനകളുടെ പരിസരത്ത് പടക്കം പൊട്ടിക്കുന്നത് നിയന്ത്രിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്.
ഫെബ്രുവരി 13നാണ് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞത്. ഗുരുവായൂര്‍ പീതാംബരന്‍ എന്ന ആന ഇടഞ്ഞ് തൊട്ടടുത്ത് നിന്ന മറ്റൊരു ആനയെ കുത്തിയിരുന്നു. ആനകൾ വിരണ്ടോടിയതോടെ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി.
ഓഫിസ് കെട്ടിടത്തില്‍ ആന ഇടിച്ച് കെട്ടിടം തകരുകയും ചെയ്‌തു. തകര്‍ന്നു വീണ കെട്ടിടത്തിനടിയില്‍പ്പെട്ടും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേരാണ് മരിച്ചത്.
Also Read: മസ്‌തകത്തിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊമ്പന്‍ ചരിഞ്ഞു