തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെ ദിവസേനയുള്ള ടെസ്റ്റുകളുടെ എണ്ണം കുറച്ച് ഗതാഗത വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ദിവസേനയുള്ള ടെസ്റ്റുകള്‍ 60 ല്‍ നിന്ന് 40 ആയി കുറയ്ക്കാനാണ് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നത്.
40 ടെസ്റ്റുകളില്‍ 25 എണ്ണം പുതിയ അപേക്ഷകര്‍ക്കും 10 എണ്ണം റീ ടെസ്റ്റുകളും അഞ്ച് എണ്ണം വിദേശ ജോലി, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി അടിയന്തരമായി മടങ്ങി പോകേണ്ടവര്‍ക്കും നടത്തണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ഇന്നലെ സംഘടന പ്രതിനിധികളും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറും മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ നിര്‍ദേശം.
ഡ്രൈവിങ് സ്‌കൂളുകള്‍ വ്യാപകമായി ഉപയോഗിച്ച വരുന്ന ഡ്രൈവറുടെ അടുത്ത സീറ്റിലിരുന്ന് വാഹനത്തിന്‍റെ ബ്രേക്കും ക്ലച്ചും നിയന്ത്രിക്കാന്‍ കഴിയുന്ന ഡ്യുവല്‍ ക്ലച്ച് ആന്‍റ് ബ്രേക്ക് സിസ്റ്റം ഘടിപ്പിച്ച വാഹനങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ മാറ്റണമെന്നും സര്‍ക്കുലറിലുണ്ട്. ഡാഷ് ബോര്‍ഡ് ക്യാമറ, സെന്‍സര്‍ എന്നിവ ഘടിപ്പിക്കാന്‍ മൂന്ന് മാസവും 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം വന്ന വാഹനങ്ങളില്‍ ടെസ്റ്റ് നടത്താന്‍ ആറ് മാസം ഇളവും സര്‍ക്കുലര്‍ അനുവദിക്കുന്നു.
Also Read: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം : ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലറിന് ഹൈക്കോടതി സ്റ്റേ ഇല്ല
നിലവിലുള്ള ഡ്രൈവിങ് ടെസ്റ്റ് ട്രാക്കുകള്‍ എത്രയും വേഗം സജ്ജമാക്കണം. അതു വരെ നിലവിലുള്ള ട്രാക്കില്‍ ടെസ്റ്റുകള്‍ നടത്താം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ തന്നെ പരമാവധി ടെസ്റ്റ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ഗതാഗത കമ്മിഷണര്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആദ്യം 30 ടെസ്റ്റുകള്‍ നടത്താനായിരുന്നു നിര്‍ദേശം. പിന്നീട് ഇത് 60 ടെസ്റ്റുകളായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ സിഐടിയു ഉള്‍പ്പെടെയുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംഘടനകള്‍ പരിഷ്‌കരണം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്തി കൊണ്ട് ഗതാഗത വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.