തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ സ്‌കൂൾ ഉടമകൾ നടത്തിയ ബഹിഷ്ക്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ടെസ്റ്റ് ഇന്ന് മുതൽ പുനഃരാരംഭിക്കും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നലെ സമരം പിൻവലിച്ചതായി സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതൽ പഴയത് പോലെ പുനരാരംഭിക്കുന്നത്.
നിലവിൽ രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇവയെല്ലാം സമയബന്ധിതമായി പൂർത്തിയാക്കും. ചർച്ചയിൽ സ്‌കൂൾ ഉടമകൾ മുന്നോട്ട് വെച്ച എല്ല ആവശ്യങ്ങളും മന്ത്രി അംഗീകരിച്ചിരുന്നു. സ്‌കൂൾ ഉടമകളുടെ ആവശ്യപ്രകാരം ടെസ്‌റ്റിന് എത്തിക്കുന്ന വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചു.
പഴയത് പോലെ ആദ്യം എച്ച് ടെസ്‌റ്റും പിന്നീട് റോഡ് ടെസ്‌റ്റും നടത്താനും തീരുമാനമായി. അതേസമയം, സർക്കുലർ പിൻവലിക്കില്ലെന്നും ഇത് സംബന്ധിച്ച മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു. ഡ്യുവൽ ക്ലച്ച് ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ടെസ്‌റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വാങ്ങി വയ്ക്കും.
ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ ഉന്നയിച്ച പ്രധാന ആവശ്യമായ പ്രതിദിന ടെസ്‌റ്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. മെയ് 4ന് ഇറക്കിയ സർക്കുലർ പ്രകാരം പ്രതിദിനം 40 ടെസ്‌റ്റ് നടത്താനായിരുന്നു നിർദേശം. എന്നാൽ രണ്ട് എംവിഐമാരുള്ള കേന്ദ്രങ്ങളിൽ പ്രതിദിനം 80 ടെസ്‌റ്റുകൾ നടത്താനും തീരുമാനിച്ചു.
ഇതിന് പുറമെ ഡ്രൈവിങ് സ്‌കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനമായി. ഇത് സംബന്ധിച്ച് പഠിക്കാൻ പുതിയ കമ്മിഷനെ നിയോഗിക്കും. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകൾ ഉടൻ ആരംഭിക്കാനാകുമെന്നും മന്ത്രി അറിയിച്ചു. സർക്കുലർ പ്രകാരമുള്ള എച്ച് ടെസ്‌റ്റിന് പകരമുള്ള മാതൃകകള്‍ പരിശോധിക്കും. പുതിയ മാതൃകകൾ സ്‌കൂൾ ഉടമകൾക്കും നൽകാം.