തിരുവനന്തപുരം : ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നിബിന്‍ മാക്‌സ്‌വെല്ലിന്‍റെ (31) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ (മാര്‍ച്ച് 8) വൈകിട്ട് 7 മണിയോടെയാണ് മഡതദേഹം നാട്ടിലെത്തിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, നോര്‍ക്ക റൂട്ട്‌സ് സിഇഒ ഇന്‍ ചാര്‍ജ് അജിത്ത് കോളശ്ശേരി എന്നിവര്‍ നിബിന്‍റെ മൃതശരീരം ഔദ്യോഗികമായി ഏറ്റുവാങ്ങി.
ബെംഗളൂരു ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ ടാമി ബെന്‍ ഹൈം, വൈസ് കോണ്‍സല്‍ ആന്‍ഡ് സെക്യൂരിറ്റി ഓഫിസര്‍ റോട്ടം വരുല്‍ക്കര്‍ തുടങ്ങിയവരും നിബിന്‍റെ ബന്ധുക്കളും വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് ഇന്നലെ (മാര്‍ച്ച 8) രാത്രി തന്നെ മൃതദേഹം കൊല്ലത്തെ വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് (മാര്‍ച്ച് 9) നടക്കും.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഇസ്രയേലില്‍ നിബിന്‍ കൊല്ലപ്പെട്ടത്. ലബനിലെ സായുധ സംഘടനയായ ഹിസ്‌ബുല്ല വടക്കന്‍ ഇസ്രയേലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് നിബിന്‍ മരിച്ചത്. ലബനന്‍ അതിര്‍ത്തി മേഖലയോട് ചേര്‍ന്ന ഗലീലി മേഖലയിലെ മാര്‍ഗലിയറ്റില്‍ വച്ചാണ് നിബിന്‍ ആക്രമണത്തിന് ഇരയായത്.
മേഖലയിലെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. ഇസ്രയേല്‍ ഗാസ യുദ്ധത്തിന് പിന്നാലെ മാര്‍ഗലി മേഖലയിലും ആക്രമണങ്ങള്‍ വ്യാപിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് കാര്‍ഷിക വിസയില്‍ നിബിന്‍ ഇസ്രയേലില്‍ എത്തിയത്. നിബിന്‍റെ സഹോദരന്‍ നിവിനും ഇസ്രയേലില്‍ തന്നെയാണുണ്ടായിരുന്നത്.
നിബിന്‍ മരിച്ച അതേ ആക്രമണത്തില്‍പ്പെട്ട് ഇടുക്കി സ്വദേശികളായ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. നിബിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയ ഇസ്രയേല്‍ ഭരണകൂടത്തിന് മന്ത്രി വി. മുരളീധരന്‍ നന്ദി പറഞ്ഞു. നിലവില്‍ ഇസ്രയേലില്‍ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.