ചെന്നൈ: ഫെന്‍ജല്‍ ചുഴലിക്കാറ്റ് പുതുച്ചേരിയില്‍ കരതൊട്ടതായി കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ഫെന്‍ജല്‍ ചുഴലിക്കാറ്റ് കരതൊട്ട പശ്ചാത്തലത്തില്‍ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. അടുത്ത മൂന്ന് മുതല്‍ നാല് മണിക്കുര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
10 ജില്ലകളില്‍ റെഡ് അലര്‍ട്ട്: വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങള്‍ ജാഗ്രതയില്‍. തമിഴ്‌നാട്ടിലെ പത്ത് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ, തെക്കൻ ആന്ധ്രാപ്രദേശിലും വടക്കൻ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴവെളളം ഒഴുക്കി വിടാന്‍ 350 മോട്ടോര്‍ പമ്പുകള്‍ പ്രവര്‍ത്തന സജ്ജമാണ്. ചെമ്പരമ്പാക്കം തടാകത്തില്‍ ജലനിരപ്പ് ഉയര്‍ന്നു. മെട്രോ റെയില്‍ നിര്‍മാണം സ്‌തംഭിച്ചു. ചെന്നൈ കോര്‍പറേഷനില്‍ 329 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ 183 പേരാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.
#WATCH | Tamil Nadu: Chennai's Pattinapakkam beach witnesses strong winds as the effect of #CycloneFengal intensifies.
— ANI (@ANI) November 30, 2024
As per IMD, the cyclone is to make landfall this evening. pic.twitter.com/zsvt1H8uVi
ചെന്നൈ വിമാനത്താവളം നാളെ രാവിലെ നാല് മണി വരെ അടച്ചിടും: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചെന്നൈ വിമാനത്താവളം നാളെ (01/12/2024) രാവിലെ നാല് മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. 55 വിമാനങ്ങൾ റദ്ദാക്കുകയും 19 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 10,000ത്തില്‍ അധികം ആളുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്കും തിരുപ്പതിയിലേക്കുമുള്ള 20 വിമാനങ്ങളും റദ്ദാക്കി.
ഷോക്കേറ്റ് മൂന്ന് മരണം: ചെന്നൈയില്‍ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വേലച്ചേരി സ്വദേശി ശക്തിവേലും ടണലിലെ വെളളം നീക്കുന്നതിനിടെ ഷോക്കേറ്റ് ഗണേശപുരം സ്വദേശി ഇസൈവാനനുമാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഷോക്കേറ്റ് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
Cyclone Fengal is being continuously monitored by the India Meteorological Department from the Doppler weather radars at Chennai (S band), Sriharikota, and Chennai (X band) in addition to the satellite observations. Stay updated, Stay Safe #ChennaiRains #cyclonefenjal pic.twitter.com/aGmOhrlPcU
— Tamilnadu Weather-IMD (@ChennaiRmc) November 30, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. കനത്ത കാറ്റും മഴയും തുടരുന്നതിനാല്‍ ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മന്ത്രി ദാമു അൻബരശൻ അറിയിച്ചു.
Also Read: ഫെൻജല്‍ ചുഴലിക്കാറ്റ്: കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള ട്രെയിൻ സര്‍വീസുകളില്‍ മാറ്റം, സമയക്രമം ഇങ്ങനെ