കാസർകോട് : ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വാഴ്‌ച) ജില്ലാ കലക്‌ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. നാളെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല. ഇന്നും നാളെയും കാസർകോട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടും. തീരദേശങ്ങളിലും മലയോരങ്ങളിലും ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ മീൻപിടുത്തത്തിന് പോകാൻ പാടുള്ളതല്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജില്ലയിൽ ക്വാറികളിലെ ഖനനവും രണ്ടു ദിവസത്തേക്ക് നിർത്തിവയ്‌ക്കേണ്ടതാണെന്നും കലക്‌ടർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ സുരക്ഷാ ബോർഡുകൾ യാത്രക്കാർക്ക് കാണുന്ന തരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനും നിർദേശം നൽകി. റോഡുകളിൽ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളിൽ അടിയന്തരമായി അപകട സാധ്യത ലഘൂകരിക്കാൻ വേണ്ട ഇടപെടൽ നടത്തുമെന്നും കലക്‌ടർ അറിയിച്ചു.