തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ തസ്‌തികയിലെ നിയമനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തള്ളി സിപിഒ റാങ്ക് ഹോൾഡേഴ്‌സ്. നിലവിൽ 530/2019 കാറ്റഗറിക്ക് ലഭിക്കാത്ത ഒഴിവുകൾ ഇതേ കാറ്റഗറിക്ക് നൽകിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. 5038 ഒഴിവുകൾ നികത്തിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇത് മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും സിപിഒ റാങ്ക് ഹോൾഡേഴ്‌സ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ് സി /എസ് ടി, ടെലി കമ്മ്യൂണിക്കേഷൻ തുടങ്ങിയ വകുപ്പുകളിലെ നിയമനം കൂടി കണക്കിലെടുത്താണിത്. 13975 പേരുള്ള പട്ടികയിൽ 3326 പേരുടെ ഒഴിവുകൾ മാത്രമാണ് നികത്തിയത്. പിഎസ്‌സി ചട്ടം പോലും പാലിക്കപ്പെട്ടില്ല. വ്യാജ പ്രചാരണമാണ് നടക്കുന്നത്. ഇതുവരെ ചർച്ചയ്ക്കുവിളിക്കാൻ പോലും സർക്കാർ തയ്യാറായില്ല. ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
തങ്ങളെ നിയമിക്കാൻ ഏഴോളം പ്രൊപ്പോസൽ ഫയലുകള്‍ സർക്കാരിന്‍റെ പക്കലുണ്ട്. തങ്ങൾ തെരുവിൽ കിടന്നുറങ്ങിയിട്ടും നടപടിയില്ല. 25 ദിവസങ്ങൾക്കുള്ളിൽ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി കഴിയും. ഇപ്പോഴും അനുകൂലമായ ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തുന്നില്ല. അഡ്വൈസിന്‍റെ കണക്കാണ് എപ്പോഴും സർക്കാർ പറയുന്നത്.
അഡ്വൈസ് മെമ്മോകൾ ഒരിക്കലും നിയമനമല്ല. നിയമനം ലഭിച്ചവരുടെ എണ്ണമല്ല സർക്കാർ കാണിക്കുന്നത്. 9651 പേർക്കാണ് ഇനി നിയമനം ലഭിക്കാനുള്ളത്. 18000 ഓളം തസ്‌തികകൾ സ്റ്റേഷനുകളിൽ ഇനിയും വേണമെന്ന് ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിൽ അധികവും സിപിഒമാരാണ്. ഒഴിവുകൾ നികത്തപ്പെട്ടില്ലെന്നത് വസ്‌തുതയാണ്. നിയമനം നടത്താത്തത് ജനങ്ങളുടെ സുരക്ഷയ്ക്കുള്ള വെല്ലുവിളിയാണ്. സർക്കാരിന്‍റെ ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടാകാത്തപക്ഷം കടുത്ത സമരമുറകളുമായി മുന്നോട്ടുപോകുമെന്നും സിപിഒ റാങ്ക് ഹോൾഡേഴ്‌സ് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം പൊലീസ് കോണ്‍സ്റ്റബിള്‍ തസ്‌തികയില്‍ നിലവില്‍ ലഭ്യമായ എല്ലാ ഒഴിവുകളും പിഎസ്‌സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നും പുരുഷവനിതാ വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് എന്നിവയ്ക്കായി ആകെ 5635 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
അവശേഷിക്കുന്ന നിയമന ശുപാര്‍ശകളില്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. പുരുഷ വനിതാവിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് എന്നിവയ്ക്കായി ആകെ 5635 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. പബ്ലിക് സര്‍വീസ് കമ്മിഷനില്‍ നിന്നും 5279 നിയമന ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ട്.
നിയമന ശുപാര്‍ശ ലഭിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌ത 3595 പേര്‍ പരിശീലനം നേടിവരുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ വനിതാവിഭാഗത്തിനുളള 50 ഒഴിവുകള്‍ ഉള്‍പ്പടെ 356 എണ്ണത്തില്‍ നിയമന ശുപാര്‍ശയ്ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.