തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. കൊല്ലം ജില്ലാ സമ്മേളനമാകും ആദ്യം നടക്കുക. കൊല്ലത്തെ കൊട്ടിയം ധവളകുഴിയില്‍ എന്‍എസ് പഠന ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ 450 പ്രതിനിധികളാകും പങ്കെടുക്കുക. സംസ്ഥാന സമ്മേളനവും കൊല്ലത്താണ് നടക്കാനിരിക്കുന്നത്. ഏപ്രിലില്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നടക്കും.
വിഭാഗീയത പരസ്യമായതോടെ പിരിച്ചു വിട്ട കൊല്ലം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍ നാളത്തെ ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കില്ല. കരുനാഗപ്പള്ളി ഏരിയ സമ്മേളനത്തിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. നിലവില്‍ ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയാണ് ഏരിയ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ജില്ല സമ്മേളനങ്ങളിലേക്ക് കടന്നപ്പോള്‍ ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ ഏരിയ സമ്മേളനങ്ങളിലെ പൊട്ടിത്തെറികള്‍ വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്ത് മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി ബിജെപിയിലേക്ക് പോയതും ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
മൂന്നാം തവണയും തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിര്‍ണായകമായേക്കാവുന്ന സമ്മേളനങ്ങളാണ് നടക്കാനിരിക്കുന്നത്. അതിനാല്‍ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വിലയിരുത്തലുകളും സജീവ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തൃശൂര്‍ ജില്ലാ സമ്മേളനമാകും ഏറ്റവും ഒടുവിലായി നടക്കുക.
സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ തീയതികള്‍:
- കൊല്ലം, കൊട്ടിയം - ഡിസംബര്‍ 10, 11, 12
- തിരുവനന്തപുരം, കോവളം- ഡിസംബര്‍ 21, 22, 23
- വയനാട്, ബത്തേരി - ഡിസംബര്‍ 21, 22, 23
- പത്തനംതിട്ട, കോന്നി - ഡിസംബര്‍ 28, 29, 30
- മലപ്പുറം, താനൂര്‍ - ജനുവരി 1, 2, 3
- കോട്ടയം, പാമ്പാടി - ജനുവരി 3, 4, 5
- ആലപ്പുഴ, ഹരിപ്പാട് - ജനുവരി 10, 11, 12
- പാലക്കാട്, ചിറ്റൂര്‍ - ജനുവരി 21, 22, 23
- എറണാകുളം - ജനുവരി 25, 26, 27
- കോഴിക്കോട്, വടകര - ജനുവരി 29, 30, 31
- കണ്ണൂര്‍, തളിപ്പറമ്പ് - ഫെബ്രുവരി 1, 2, 3
- ഇടുക്കി, തൊടുപുഴ - ഫെബ്രുവരി 4, 5, 6
- കാസര്‍കോട്, കാഞ്ഞങ്ങാട് - ഫെബ്രുവരി 5, 6, 7
- തൃശൂര്‍, കുന്നംകുളം - ഫെബ്രുവരി 9, 10, 11