പത്തനംതിട്ട: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ പത്തനംതിട്ടയില്‍ പാര്‍ട്ടിയിലെടുത്ത സംഭവം സിപിഎമ്മിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ്. സിപിഎമ്മില്‍ ചേർന്നവരില്‍ കാപ്പ, കഞ്ചാവ് കേസ് പ്രതികൾക്ക് പുറമേ വധശ്രമ കേസിലെ പ്രതിയും ഉള്‍പ്പെട്ടിരിക്കുകയാണ്.
എസ്എഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മില്‍ ചേർന്നത്. കാപ്പ കേസ് പ്രതിയായ ശരണ്‍ ചന്ദ്രൻ സിപിഎമ്മില്‍ ചേർന്നത് നേരത്തെ വിവാദമായിരുന്നു. തൊട്ടു പിന്നാലെ, മറ്റൊരാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടുകയും ചെയ്‌തു.
കഴിഞ്ഞ വെള്ളിയാഴ്‌ച പത്തനംതിട്ട കുമ്പഴയിൽ നടന്ന യോഗത്തിലാണ് സുധീഷിനെ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത്. 2023 നവംബറില്‍ എസ്‌എഫ്‌ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായ ശരണ്‍ ചന്ദ്രൻ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. കേസില്‍ സുധീഷ് നാലാം പ്രതിയാണ്.
ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് ഒലിവിലുള്ള പ്രതി സുധീഷിനെ ഹാരം അണിയിച്ച് സ്വീകരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കാപ്പ കേസ് പ്രതി ശരൺ ചന്ദ്രന്‍റെ നേതൃത്വത്തിൽ ബിജെപി വിട്ട് വന്ന 61 പേരെ മന്ത്രി വീണ ജോർജും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ചേർന്നാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്.
ശരണ്‍ ചന്ദ്രന്‍റെ നേതൃത്വത്തിലാണ് ഇവരെല്ലാം സിപിഎമ്മിലേക്കെത്തിയത്. കൂട്ടത്തില്‍ പ്രധാനിയായ ശരൺ ചന്ദ്രൻ കാപ്പ കേസ് പ്രതിയാണെന്ന വിവരം പുറത്ത് വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.ഇതിന് വിശദീകരണവുമായി പാർട്ടി ജില്ലാ നേതൃത്വതം രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇവർക്കൊപ്പം പാർട്ടിയിൽ ചേർന്ന യദു കൃഷ്‌ണനെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. ഇത് വീണ്ടും വുവാദമായി. ഒരു എക്‌സൈസ് ഉദ്യോഗസ്ഥൻ യദുവിനെ മനഃപൂർവ്വം കുടുക്കിയതാണെന്ന വിശദീകരണം നൽകി പാർട്ടി ഇതിനെയും പ്രതിരോധിച്ചു.
തൊട്ടുപിന്നാലെയാണ് എസ്‌എഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെയും മന്ത്രിയും ജില്ല സെക്രട്ടറിയും ചേർന്ന് മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. ആദ്യ രണ്ട് സംഭവങ്ങളിലും പ്രതിരോധം തീർത്ത് പാർട്ടി മുഖം രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും സ്വന്തം പാർട്ടിക്കാരെ തന്നെ കൊലാപ്പെടുത്താൻ ശ്രമിച്ചവരെ പാർട്ടിയിലേക്ക് സ്വീകരിച്ച നടപടി നേതൃത്വത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
അതിനിടെ വിശദീകരണവുമായി ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സിപിഎമ്മിലേക്ക് പുതുതായി വന്നവര്‍ക്ക് കേസുകള്‍ കാണുമെന്നും പാര്‍ട്ടി അവയൊക്കെ ഒത്തുതീര്‍പ്പാക്കുമെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം. പാര്‍ട്ടിയിലേക്ക് വന്നവരുടെ കേസുകള്‍ രാഷ്‌ട്രീയപരമാണെന്നും അവയൊക്കെ ഒത്തുതീര്‍പ്പാക്കുമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു. വാദിയും പ്രതിയും ചേര്‍ന്ന് കേസ് ഒഴിവാക്കാന്‍ കോടതിയെ സമീപിക്കുകയാണെന്നും ജില്ല സെക്രട്ടറി വ്യക്തമാക്കി.