എറണാകുളം : ചോറ്റാനിക്കരയിൽ ക്രൂര മര്‍ദനത്തിനിരയായ പോക്സോ കേസ് അതിജീവിത മരിച്ചു. പത്തൊമ്പത് വയസായിരുന്നു. ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. യുവതി ആറുദിവസം വെന്‍റിലേറ്ററില്‍ ആയിരുന്നു.
തലയോലപ്പറമ്പ് സ്വദേശിയായ 21കാരനില്‍ നിന്നും ക്രൂര മർദനത്തിനും ലൈംഗിക പീഡനത്തിനും യുവതി ഇരയായിരുന്നു. ചുറ്റിക ഉപയോഗിച്ചായിരുന്നു പ്രതി അനൂപ് യുവതിയെ മർദിച്ചത്. പീഡനവും മർദനവും സഹിക്കാനാവാതെ ആത്മഹത്യ ഭീഷണി മുഴക്കിയ യുവതിയെ അനൂപ് വെല്ലുവിളിച്ചു. ചത്തോയെന്ന് ആക്രോശിച്ചതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അനൂപ് തന്നെയാണ് യുവതിയെ രക്ഷിച്ചത്. അബോധാവസ്ഥയിലായ യുവതി തറയിൽ വീണു കിടക്കുകയായിരുന്നു. മണിക്കൂറുകളോളം കാത്തു നിന്നുവെങ്കിലും ബോധം തെളിയാതെ വന്നതോടെ യുവതി മരിച്ചെന്ന് കരുതി പ്രതി അനൂപ് രക്ഷപ്പെടുകയായിരുന്നു.
പ്രതി യുവതിയെ മർദിക്കാൻ ഉപയോഗിച്ച ചുറ്റിക തെളിവെടുപ്പിനിടെ കണ്ടെത്തിയതായി ചോറ്റാനിക്കര സിഐ മനോജ് വ്യക്തമാക്കി. ദേഹമാസകലം ഈ ചുറ്റിക ഉപയോഗിച്ച് മർദിച്ചിരുന്നു. ചുറ്റിക, ഷാൾ, പെൺകുട്ടിയുടെ വസ്ത്രം എന്നിവയും തെളിവെടുപ്പിനിടെ കണ്ടെത്തി.
ഞായറാഴ്‌ച ആയിരുന്നു ചോറ്റാനിക്കരയിലെ വീട്ടിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ തലയോലപ്പറമ്പ് സ്വദേശിയായ അനൂപാണെന്ന് സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനും ലൈംഗിക പീഡനത്തിനുമാണ് പൊലീസ് കേസെടുത്തത്.
യുവതി മരിച്ച സാഹചര്യത്തിൽ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തും. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. മൂന്ന് വർഷം മുമ്പാണ് പത്തൊമ്പതുകാരി ലൈംഗിക പീഡനത്തിനരയായത്.
Also Read: 'ഓപ്പറേഷൻ ക്ലീൻ': കൊച്ചിയിൽ 27 ബംഗ്ലാദേശികൾ പിടിയില്‍