തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇനി ആശ്വസിക്കാം. കുട്ടിയുടെ ഡിഎന്‍എ ഫലം പുറത്തുവന്നു, കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെയെന്നാണ് ഫലം. ഇതോടെ കുട്ടിയെ മാതാപിതാക്കള്‍ക്ക് തന്നെ വിട്ടു നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മാതാപിതാക്കളുടെ മൊഴിയില്‍ ഉള്‍പ്പെടെയുണ്ടായ വൈരുധ്യത്തെതുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. കുട്ടി ഇവരുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെയും സഹോദരങ്ങളെയും മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കും.
നിലവിൽ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്. കുട്ടിയെ വിട്ടുകിട്ടുന്നതിന് സിഡബ്ല്യൂസിക്ക് പൊലീസ് കത്തു നൽകി. കുട്ടികളെ വിട്ടുകൊടുക്കുന്നതിൽ തടസ്സമില്ലെന്നാണ് കത്തില്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രതിയെ പിടികൂടിയ സാഹചര്യത്തിലാണ് പൊലീസ് കത്തു നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ ഇന്നലെ രാവിലെ കൊല്ലത്ത് നിന്നാണ് പൊലീസിന്‍റെ പിടിയിലായത്.