തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മുന്നൊരുക്കങ്ങൾ വിശദീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മാർച്ച് 28നാണ് വിജ്ഞാപനം വരിക. ഏപ്രിൽ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജൂൺ 6ന് മുമ്പ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ജൂൺ 4നാണ് വോട്ടെണ്ണൽ. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2.70 കോടിയാണ്. പുരുഷ വോട്ടർമാർ 1 കോടി 37 ലക്ഷത്തിലധികമാണ്. 1.39 കോടിയിലധികമാണ് സ്‌ത്രീ വോട്ടർമാർ. 1069 ആണ് ലിംഗാനുപാതം.
380 ഭിന്നശേഷി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. വോട്ടർമാരിൽ 3977 പേർ 100 വയസ് കഴിഞ്ഞവരാണ്. 0.92 ശതമാനമാണ് മുതിർന്ന പൗരന്മാർ. 2,88,533 യുവ വോട്ടർമാരുമുണ്ട്. ആകെ വോട്ടർമാരിൽ 1.36 ശതമാനം യുവ വോട്ടർമാരാണ്. 18 ലക്ഷം യുവ വോട്ടർമാരാണ് ജനുവരിക്ക് ശേഷം പേരുചേർത്തത്. പ്രവാസി വോട്ടർമാരുടെ എണ്ണം 88,230 ആണ്. 25177 തെരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപബൂത്തുകളുമാണുള്ളത്. 13233 തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളുമുണ്ട്.
സൗകര്യങ്ങള്‍ സജ്ജം : തെരഞ്ഞെടുപ്പ് ബൂത്തുകളില്‍ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും. കുടിവെള്ളം, ശൗചാലയം, വോട്ടർ സഹായ കേന്ദ്രങ്ങൾ, ശിശു സൗഹൃദ കേന്ദ്രങ്ങൾ, സൈൻ ബോർഡുകൾ, ഭിന്നശേഷിക്കാർക്ക് എത്താനുള്ള റാമ്പുകൾ എന്നിവയും ഇതിന്‍റെ ഭാഗമായി സജ്ജമാക്കും.
വോട്ടര്‍ കാര്‍ഡുകളും വ്യാജന്മാരും : സംസ്ഥാനത്ത് 21,40787 പേർക്ക് വോട്ടർ കാർഡുകള്‍ അയച്ചു. 15 ലക്ഷത്തിലധികം വോട്ടര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനുണ്ട്. മുംബൈയിലാണ് ഇവയുടെ പ്രിന്‍റിങ് നടക്കുന്നത്. വോട്ടർ പട്ടിക ശുദ്ധീകരണത്തിലൂടെ 20 ലക്ഷത്തിലേറെ വ്യാജ വോട്ടർമാരെ കണ്ടെത്തിയിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും പരിശോധനയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഇത്തരം പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിരലടയാളവും സത്യവാങ്മൂലവും വാങ്ങിയ ശേഷമേ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
പ്രചാരണത്തിന് കുട്ടികള്‍ വേണ്ട : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ അന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു.
2000ത്തിലധികം പരാതികളാണ് പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് ലഭിച്ചത്. സോഷ്യൽ മീഡിയ പ്രചാരണത്തിൽ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പുലർത്തണമെന്നും വ്യാജ പ്രചാരണം നടത്തിയതായി പരാതി ലഭിച്ചാല്‍ ഉടനടി കേസെടുക്കുമെന്നും സഞ്ജയ് കൗൾ പറഞ്ഞു. സ്ഥാനാർഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്ന റിട്ടേണിങ് ഓഫിസറുടെ ഓഫിസും പരിസരവും പൂര്‍ണമായും സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ്.
ഹെല്‍പ്പിനായി ആപ്പ് : വോട്ടർ ഹെല്‍പ്പ് ലൈന്‍ മൊബൈൽ ആപ്പ് വഴി തെരഞ്ഞെടുപ്പിന്‍റെ മുഴുവന്‍ വിശദാംശങ്ങളും അറിയാനാകും. ജനങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിലും ആപ്പ് വഴി അറിയിക്കാവുന്നതാണ്. വെള്ളിയാഴ്‌ച സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടിട്ടുണ്ട്. അടൂർ പ്രകാശിന്‍റെ പരാതിയിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 390 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി. പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ വ്യാജ കാർഡുള്ള വോട്ടര്‍മാരെയും കണ്ടെത്തിയിട്ടുണ്ട്.
കനത്ത സുരക്ഷയൊരുക്കും : 777 പ്രശ്‌ന ബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ പൊലീസ് പരിശോധന തുടരും. 70 കമ്പനി സുരക്ഷ ഉദ്യോഗസ്ഥര്‍ ഇത്തരം സ്ഥലങ്ങളില്‍ സുരക്ഷയൊരുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രശ്‌ന ബാധിത ബൂത്തുകളിൽ ലൈവ് വെബ് കാസ്റ്റിങ് ഉറപ്പാക്കും. മുന്‍വര്‍ഷങ്ങളേക്കാള്‍ 30 ശതമാനം അധിക വെബ്‌കാസ്റ്റിങ്ങുകളാണ് ഇത്തവണ സജ്ജമാക്കുക. അതേസമയം ഇവിഎം യന്ത്രത്തിന്‍റെ ആദ്യഘട്ട പരിശോധന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പൂർത്തിയായി. 33,264 വിവി പാറ്റുകൾ തെരഞ്ഞെടുപ്പിന് എത്തും.