കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ കൊടുത്ത ബന്ധുവും വാഹനത്തിന്‍റെ ആർ സി ഓണറുമായ വീട്ടമ്മക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്‍റ് യൂണിറ്റ് കേസെടുത്തു. ട്രാഫിക് പൊലീസ് ഇൻസ്‌പെക്‌ടറുടെ നിർദ്ദേശ പ്രകാരമുള്ള പ്രത്യേക പട്രോളിങ്ങിനിടയാണ് മാനാഞ്ചിറ ബിഇഎം സ്‌കൂളിനടുത്തുവച്ച് കുട്ടി വാഹനം ഓടിച്ച് വരുന്നത് പൊലീസിൻ്റെ ശ്രദ്ധയിൽ പെട്ടത്.
സംശയം തോന്നി പൊലീസ് കൈകാണിച്ച് നിർത്തിച്ച് പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസിലായത്.
തുടർന്ന് വാഹനം പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ആർസി ഓണർ ആയ വീട്ടമ്മയെ വിളിച്ചുവരുത്തി താക്കീത് ചെയ്യുകയും
കേസെടുക്കുകയും ചെയ്‌തു.
വാഹനങ്ങൾ കേന്ദ്രീകരിച്ച് കൂറ്റകൃത്യങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. സിറ്റി ട്രാഫിക് എസ്‌ഐ അജിത് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി എം അഷ്‌റഫ്, എം വി സനൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.