ഇടുക്കി : കാര്‍ഷിക മേഖല പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് ബാങ്കുകള്‍ പിന്നോക്കം പോകണമെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് അഡ്വ പ്രതീഷ് പ്രഭ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. ജില്ലയില്‍ നിരവധി കര്‍ഷകര്‍ സമാന സാഹചര്യത്തിലൂടെ കടന്ന് പോകുന്നുണ്ട്. കാര്‍ഷിക മേഖലയ്‌ക്ക് കൈത്താങ്ങാകുന്ന ഇടപെടല്‍ നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും കാലതാമസം വരുത്തരുതെന്നും അഡ്വ പ്രതീഷ് പ്രഭ വ്യക്തമാക്കി.
വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍ : ശക്തമായ വേനല്‍ ചൂടില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി. മുപ്പത് ശതമാനത്തോളം തണലും തണുപ്പും ആവശ്യമായ ഏലച്ചെടികളുടെ പരിപാലനമാണ് താളം തെറ്റിയത്. ചെറുകിട കര്‍ഷകര്‍ വന്‍ തുക മുടക്കി പച്ച നെറ്റുകള്‍ വാങ്ങി വലിച്ചുകെട്ടി തണല്‍ തീര്‍ക്കുകയാണ്.
ഇതിന് വന്‍ തുകയാണ് മുടക്കേണ്ടി വരുന്നത്. നിലവില്‍ ഏലക്കയ്ക്ക് വില ഉയര്‍ന്ന് തുടങ്ങിയതോടെ വരും വര്‍ഷത്തിലെങ്കിലും മികച്ച വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ കടം വാങ്ങിയും വന്‍തുക മുടക്കിയും പച്ചനെറ്റ് വലിച്ചുകെട്ടി വേനല്‍ ചൂടിനെ പ്രതിരോധിക്കുന്നത്. കടുത്ത പ്രതിസന്ധി നേരിടുമ്പോളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏലം കൃഷിയെ നിലനിര്‍ത്തുന്നതിന് വേണ്ട ഒരുവിധ സഹായവും നല്‍കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്.