നാമക്കൽ: തൃശൂരിൽ വന്‍ എടിഎം കവർച്ച. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളും തമിഴ്‌നാട് പൊലീസും തമ്മിൽ തമിഴ്‌നാട്ടിലെ നാമക്കലിൽ വച്ച് ഏറ്റുമുട്ടി. കവർച്ച നടത്തിയ ഏഴംഗ സംഘത്തിലെ ഒരാൾ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു. രണ്ട് പൊലീസുകാർക്ക് കുത്തേറ്റു. മറ്റ് മോഷ്‌ടാക്കളുടെ കാലുകൾക്ക് വെടിയേറ്റു. ഇൻസ്‌പെക്‌ടർ തവമണി, എസ്ഐ രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പ്രതികളിൽ നിന്ന് തോക്ക് പിടിച്ചടുത്തു.
ഇന്ന് പുലർച്ചെ മൂന്ന് മണിക്കും നാലിനും ഇടയിലാണ് മോഷണം നടന്നത്. എസ്‌ബിഐയുടെ മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷത്തോളം രൂപയാണ് പ്രതികൾ കവർന്നത്. കവർച്ചയ്‌ക്ക് ശേഷം തമിഴ്‌നാട്ടിലെ കോയമ്പത്തൂർ വഴി രക്ഷപ്പെടുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം. എസ്‌കെ ലോജിറ്റിക്‌സിന്‍റെ കണ്ടയ്‌നർ ലോറിയിൽ കാറ് കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാമക്കലിൽ നിന്ന് സംഘത്തെ പൊലീസ് പിടിയിലാക്കിയത്. പിന്നീട് പൊലീസും മോഷ്‌ടാക്കളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു.
നാമക്കൽ ജില്ലാ പൊലീസ് നൽകിയ വിവരമനുസരിച്ച്, നാമക്കൽ ജില്ലയിലെ കുമാരപാളയത്തിന് സമീപം വേപ്പടൈയിൽ അമിതവേഗതയിൽ വന്ന കണ്ടെയ്‌നർ ലോറി പൊലീസ് തടുക്കുകയായിരുന്നു. കണ്ടെയ്‌നർ ലോറിയിലുണ്ടായിരുന്ന ആയുധധാരികൾ പൊലീസിന് നേരെ വെടിയുതിർത്തു. ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്‌തു.
പിടികൂടിയ കണ്ടെയ്‌നർ ലോറിയിലെ പ്രതികൾ ഉത്തരേന്ത്യൻ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. കണ്ടെയ്‌നറിനുള്ളിൽ ഒരു കാറും എടിഎം മെഷീനും കാണിക്കുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കണ്ടെയ്‌നർ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നാണ് ജില്ലാ എസ്‌പി രാജേഷ് ഖന്നയുടെ നേതൃത്വത്തിൽ പൊലീസ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. ഓപ്പറേഷനിൽ പരിക്കേറ്റ ഇൻസ്‌പെക്‌ടർ തവമണി, എസ്ഐ രഞ്ജിത്ത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂരില്‍ നടന്നത്:
ഇന്ന് പുലര്‍ച്ചെ നടന്ന കവർച്ചയിൽ തൃശ്ശൂരിലെ മൂന്ന് എടിഎമ്മുകളിൽനിന്ന് 65 ലക്ഷം രൂപയോളമാണ് നഷ്‌ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് പണം മോഷ്‌ടിച്ചത്. 25 കിലോമീറ്റർ ചുറ്റളവിൽ രണ്ടു മണിക്കൂറിനുള്ളിലാണ് 3 മൂന്ന് എടിഎമ്മുകളും തകർത്ത് പണം കവർന്നത്.
എടിഎമ്മുകൾക്കു മുൻപിലെ സിസിടിവി ക്യാമറകൾക്കുമേൽ കറുപ്പ് നിറത്തിലുള്ള പെയിന്‍റടിക്കുകയും സെക്യൂരിറ്റി അലാറമടക്കം നശിപ്പിക്കുകയും ചെയ്‌തിട്ടാണ് മോഷണം നടത്തിയത്. വെളുത്ത നിറത്തിലുള്ള ക്രെറ്റ കാറില്‍ മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎമ്മില്‍ നിന്ന് പണം കവര്‍ന്നത്.
പിടിയിലായ പ്രതികളെ തമിഴ്‌നാട്ടിലെ നിയമനടപടികൾ പൂർത്തിയാക്കി തൃശ്ശൂരിൽ എത്തിക്കും. ഇതിനായി കമ്മീഷണറുടെ നിര്‍ദേശപ്രകാരം തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം നാമകല്ലിലേക്ക് തിരിച്ചു.