പത്തനംതിട്ട: മകരവിളക്ക് മഹോത്സവ ദിവസങ്ങളിൽ ഭക്തർക്ക് സുഗമമായ ദർശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചു. വ്യാഴാഴ്‌ച രാവിലെ നടന്ന പത്രസമ്മേളനത്തിൽ ഹൈക്കോടതി നിർദേശത്തിന്‍റെയും ഉന്നതതല മീറ്റിങ്ങുകളിൽ എടുത്ത തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലുമാണ് ഈ ക്രമീകരണങ്ങൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
വെർച്വൽ ക്യൂ ക്രമീകരണം
മകരവിളക്കിന് തൊട്ടുമുമ്പുള്ള ജനുവരി 12, 13, 14 തീയതികളിൽ വെർച്വൽ ക്യൂ യഥാക്രമം അറുപതിനായിരം, അമ്പതിനായിരം, നാൽപ്പതിനായിരം എന്നിങ്ങനെ നിജപ്പെടുത്തും. ഈ ദിവസങ്ങളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഏകദേശം പൂർത്തിയായി കഴിഞ്ഞു.
ജനുവരി 9 മുതൽ സ്‌പോട്ട് ബുക്കിങ് 5,000 ആണ്. 13 വരെ 5000 ആയും 14 ന് 1000 ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്‌ച (ജനുവരി 9) മുതൽ സ്‌പോട്ട് ബുക്കിങ് പമ്പയിൽ നിന്ന് നിലക്കലേക്ക് മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 10 കൗണ്ടറുകൾ നിലക്കലിൽ ആരംഭിക്കുന്നുണ്ട്. വെർച്ച്വൽ ക്യൂ ബുക്കിങ് ഇല്ലാത്തവർ നിലക്കൽ ഇറങ്ങി സ്‌പോട്ട് ബുക്കിങ് ചെയ്‌ത ശേഷം പമ്പയിലേക്ക് വരണം.
പാര്‍ക്കിങ് ക്രമീകരണം
പമ്പ ഹിൽ ടോപ്പിലെ വാഹന പാർക്കിങ്ങിലും മകര വിളക്കുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഉണ്ട്. ജനുവരി 12 ന് രാവിലെ 8 മുതൽ 15 ന് ഉച്ച കഴിഞ്ഞ് 2 മണി വരെ ഹിൽ ടോപ്പിലെ പാർക്കിങ് അനുവദിക്കില്ല. അടിയന്തര പ്രാധാന്യമുള്ള വാഹനങ്ങൾ, മകരവിളക്ക് കഴിഞ്ഞ് ഇറങ്ങുന്ന ഭക്തരെ കൊണ്ടുപോകാനുള്ള കെഎസ്ആർടിസിയും മാത്രമാണ് അനുവദിക്കുക. ഈ ദിവസങ്ങളിൽ ഭക്തരുടെ വാഹനങ്ങൾ ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിൽ പാർക്കിങിന് സൗകര്യം ഒരുക്കും.
എരുമേലി കാനന പാത വഴിയുള്ള തിരക്ക് നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായി 11 മുതൽ 14 വരെ ചടങ്ങുകളുടെ ഭാഗമായ അമ്പലപ്പുഴ, ആലങ്ങാട് സംഘാംഗങ്ങൾക്ക് മാത്രമാണ് മുക്കുഴി വഴിയുള്ള കാനന പാത ഉപയോഗപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. അതുവഴി വരുന്ന മറ്റ് ബുക്കിങുള്ള ഭക്തർക്ക് പമ്പയിൽ എത്തി സന്നിധാനത്ത് പ്രവേശിക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അനധികൃതമായി പാചകം പാടില്ല
സന്നിധാനത്തും പരിസരത്തും ഭക്തർ അനധികൃതമായി പാചകം ചെയ്യുന്നത് ഒഴിവാക്കണമെന്നും ഇത് നിയന്ത്രിച്ച് ഉത്തരവിറങ്ങിയതായും എഡിഎം അറിയിച്ചു. അന്നദാനം സൗജന്യമായി ദേവസ്വം ബോർഡ് നൽകുന്നുണ്ട്. ഹോട്ടലും മറ്റ് സംവിധാനങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ ഭക്തർക്ക് ഭക്ഷണത്തിനും കുടിവെള്ളത്തിനും യാതൊരു ബുദ്ധിമുട്ടുമില്ല.
വന പ്രദേശങ്ങളിൽ ഉൾപ്പെടെ പാചക വാതകം പോലെയുള്ള സാമഗ്രികൾ കൊണ്ടുവന്ന് പാചകം പാടില്ല. സുരക്ഷ മുൻനിർത്തി ഇത് അനുവദിക്കില്ല. തീർഥാടകർക്ക് അനുവദനീയമായ പാതകളിലൂടെയല്ലാതെ ഭക്തർ അനധികൃതമായി വനത്തിനുള്ളിൽ പ്രവേശിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും ഇത് കുറ്റകരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തിരുവാഭരണ ഘോഷ യാത്ര
തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഘോഷയാത്രയിൽ കൂടുതൽ ആളുകൾ എത്തുന്ന വലിയാനവട്ടത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൂടുതൽ ബാരിക്കേഡിങ്, ഫയർ ഫോഴ്‌സിന്‍റെയും ആരോഗ്യ ടീമിന്‍റെയും ഓരോ അധിക യൂണിറ്റ് എന്നിവ വിന്യസിക്കും.
മകരവിളക്കുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും പൊലീസിന്‍റെയും ദേവസ്വം ബോർഡിന്‍റെയും ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും എഡിഎം അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര 14ന് സന്നിധാനത്ത് എത്തും.
മകര സംക്രമ ദിനത്തിൽ ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12ന് ഉച്ചക്ക് ഒരു മണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണ പാതയിലൂടെ സഞ്ചരിച്ച് 14 ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
14 ന് വൈകിട്ട് അഞ്ചിന ശരംകുത്തിയിൽ എത്തിച്ചേരുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സംസ്ഥാന സർക്കാർ പ്രതിനിധികളും ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകുന്നേരം 06.15 ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്, അംഗങ്ങൾ എന്നിവർ ചേർന്ന് ഘോഷയാത്രക്ക് സ്വീകരണം നൽകും.
തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തി മഹാ ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമാകും. ജനുവരി 14 ന് രാവിലെ 08.45 നാണ് മകരസംക്രമ പൂജ. 15, 16, 17, 18 തീയതികളിൽ നെയ്യഭിഷേകത്തിന് ശേഷം അയ്യപ്പ ഭക്തർക്ക് തിരുവാഭരണം ചാർത്തിയ ഭഗവാനെ ദർശിക്കാം. പതിനെട്ടാം തീയതി വരെയാണ് ഭഗവാന് നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കുന്നത്.
മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽ നിന്നും പതിനെട്ടാം പടിയിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കും. മകരം ഒന്നിന് (ജനുവരി 14) മണിമണ്ഡപത്തിൽ കളമെഴുത്തിന് തുടക്കമാകും. മകരം ഒന്ന് മുതൽ അഞ്ച് വരെ അയ്യപ്പ സ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തിൽ വരക്കുന്നത്. പന്തളം കൊട്ടാരത്തിൽ നിന്നും എത്തിക്കുന്ന പഞ്ചവർണ പൊടി ഉപയോഗിച്ചാണ് കളമെഴുതുന്നത്.
14 മുതൽ 17 വരെ പതിനെട്ടാം പടി വരെയും 18 ന് ശരംകുത്തിയിലേക്കുമാണ് എഴുന്നള്ളത്ത് നടക്കുന്നത്. 19ന് ആണ് മണിമണ്ഡപത്തിന് മുൻപിൽ ചൈതന്യ ശുദ്ധിക്കായി നടത്തുന്ന ഗുരുതി. ജനുവരി 20 ന് ശബരിമല നട അടക്കും. തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ച് എത്തുന്ന പന്തളരാജ പ്രതിനിധിക്ക് മാത്രമാണ് ജനുവരി 20 ന് ദർശനത്തിന് അവകാശം.
ദർശനം പൂർത്തിയാക്കി പന്തളം രാജപ്രതിനിധി പടിയിറങ്ങി ശബരിമല ചെലവുകൾക്കുള്ള പണക്കിഴിയും താക്കോൽക്കൂട്ടവും ശബരിമല അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർക്ക് കൈമാറി തിരുവാഭരണത്തിനൊപ്പം പന്തളത്തേക്ക് യാത്ര തിരിക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് സമാപ്‌തിയാകും.
പേട്ടതുള്ളല്‍
ഭക്തിക്കൊപ്പം മത സൗഹാർദ്ദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ 2025 ജനുവരി 11 ശനിയാഴ്‌ച നടക്കും. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളാണ് എരുമേലി പേട്ട തുള്ളലിന് നേതൃത്വം നൽകുന്നത്. ആകാശത്ത് ശ്രീകൃഷ്‌ണ പരുന്തിന്‍റെ സാന്നിധ്യം കാണുമ്പോൾ പേട്ട ശാസ്‌താ ക്ഷേത്രത്തിൽ നിന്നും പേട്ട തുള്ളൽ ആരംഭിക്കും.
ക്ഷേത്രത്തിൽ നിന്നും പേട്ട തുള്ളി എരുമേലി വാവര് പള്ളിയിലെത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മറ്റി പ്രതിനിധികൾ പുഷ്‌പങ്ങൾ വിതറിയും ഷാൾ അണിയിച്ചും സ്വീകരിക്കും. മൂന്നു മണിയോടെ ആലങ്ങാട് സംഘത്തിന്‍റെ പേട്ട തുള്ളൽ പേട്ട ശാസ്‌താ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. ജനുവരി 13 ന് പമ്പയിൽ എത്തിച്ചേരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ ആചാരപരമായി പമ്പാവിളക്ക്, പമ്പാസദ്യ എന്നിവ നടത്തും.
മകരവിളക്ക് മഹോത്‌സവത്തിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയായി വരുന്നായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു. ബോർഡ് അംഗം അഡ്വ എ അജികുമാറും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
പമ്പാസംഗമം 12 ന്
ശബരിമലയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പമ്പാസംഗമം സാംസ്‌കാരികോത്സവം 2025 ജനുവരി 12 വൈകുന്നേരം മണിക്ക് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത സിനിമ താരം ജയറാം വിശിഷ്‌ട അതിഥിയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, എം എൽ എമാരായ അഡ്വ പ്രമോദ് നാരായണൻ, അഡ്വ കെ യു ജനീഷ് കുമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
Also Read: ശബരിമലയിലെ പുള്ളുവൻ പാട്ട്; ഐതീഹ്യങ്ങളും പാരമ്പര്യവും ഇഴചേരുന്ന അനുഷ്‌ഠാനകലയ്‌ക്ക് പ്രത്യേകതകളേറെ