പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. ആദ്യദിനത്തിൽ 10 പള്ളിയോടങ്ങള്‍ക്കാണ് വഴിപാട് സദ്യ. 44 വിഭവങ്ങളോടെയുള്ള സദ്യ ആറന്മുളയിലെ മാത്രം പ്രത്യേകതയാണ്. ആറന്മുളയിലെ 52 കരകളിലെയും പള്ളിയോടങ്ങള്‍ക്കായി സമർപ്പിക്കുന്ന വഴിപാട് സദ്യകളാണ് ആറന്മുള വള്ളസദ്യ.
വള്ളസദ്യ ഒക്ടോബർ രണ്ടുവരെ നീളും. അഞ്ഞൂറോളം സദ്യകള്‍ ഇക്കാലയളവിലുണ്ടാകും. പ്രതിദിനം പത്തു മുതല്‍ 15 വരെ സദ്യകള്‍ ക്ഷേത്രത്തിലെ ഊട്ടുപുരകളിലും സമീപത്തെ ഓഡിറ്റോറിയങ്ങളിലുമായി നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വഹണ സമിതിയാണ് വള്ളസദ്യകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇടശേരിമല കിഴക്ക്, തോട്ടപ്പുഴശേരി, വെണ്‍പാല, തെക്കേമുറി, മല്ലപ്പുഴശേരി, മേലുകര, കോറ്റാത്തൂര്‍, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ പള്ളിയോടങ്ങളാണ് ഇന്ന് സദ്യയ്‌ക്കെത്തിയത്. സദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങളിലെ കരക്കാരെ വഴിപാടുകാർ ക്ഷേത്രക്കടവില്‍ നിന്നു സ്വീകരിച്ചു.
അമ്പലപ്പുഴ പാല്‍പായസം, അടപ്രഥമൻ, കടല പ്രഥമൻ, പഴം പായസം ഉള്‍പ്പെടെയുള്ളവ പ്രധാന 44 വിഭവങ്ങളുടെ കൂട്ടത്തിലുണ്ട്. ഇതു കൂടാതെയാണ് കരക്കാർ പാട്ട് പാടി വിഭവങ്ങള്‍ ആവശ്യപ്പെടുന്നത്. മടന്തയില തോരൻ, മോദകം, അട, കദളി, കാളിപ്പഴങ്ങള്‍, തേൻ തുടങ്ങിയവ ഇത്തരം 20 വിഭവങ്ങളുടെ കൂട്ടത്തിലുമുണ്ട്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് വള്ള സദ്യ ഉദ്ഘാടനം ചെയ്‌തു. അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കലക്‌ടർ എസ് പ്രേം കൃഷ്‌ണൻ, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ദേവസ്വം ബോർഡ് അംഗങ്ങൾ, ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read: മഴവെള്ളം ഒഴുകിയെത്തി; തീരക്കടൽ തണുത്തതോടെ വലനിറഞ്ഞ് വള്ളങ്ങൾ - Fish Chakara In Kollam