തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താൻ നാവിക സേന എത്തുന്നു. ദൗത്യം 26 മണിക്കൂർ പിന്നിടുമ്പോഴാണ് നാവിക സേന കൂടിയെത്തുന്നത്. നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫോഴ്‌സിന്‍റെയും ഫയർ ഫോഴ്‌സിന്‍റെയും നേതൃത്വത്തിലാണ് നിലവിൽ തെരച്ചിൽ തുടരുന്നത്.
ജെൻ റോബോട്ടിക്‌സ് റോബോട്ടുകൾ പകർത്തിയ ദൃശ്യങ്ങളിൽ മുൻപ് ശരീര ഭാഗങ്ങൾ കണ്ടതായി സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌കൂബ ഡൈവിങ് സംഘം ദൃശ്യങ്ങൾ ലഭിച്ചയിടത്തേക്ക് പോയെങ്കിലും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ രക്ഷ ദൗത്യത്തിലേക്ക് നാവിക സേന കൂടിയെത്തുന്നത്.
പത്തനംതിട്ടയിൽ നിന്നു കൊല്ലത്ത് നിന്നും ഫയർ ഫോഴ്‌സ് സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ നിന്നാണ് വായുസേനയുടെ ഡൈവിങ് സംഘം ഉൾപ്പെടെ എത്തുക. മാലിന്യം കല്ല് പോലെ തങ്ങി നില്‍കുന്നതിനാൽ ടണലിനുള്ളിലേക്ക് കടന്നുള്ള രക്ഷാപ്രവർത്തനം കനത്ത വെല്ലുവിളിയാണ്. റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന ആമയിഴഞ്ചാൻ തോടിന്‍റെ ഭാഗത്ത് തന്നെയാണ് നിലവിൽ ജോയിയുള്ളതെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം.