തിരുവനന്തപുരം : നിരപരാധികളായ പുരുഷന്മാർക്കെതിരെ വ്യാജ പരാതികൾ കൊടുക്കുകയും പലവിധ പീഡനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്ന ഫെമിനിസ്റ്റുകൾക്ക് നല്ല മനസ് ഉണ്ടാകണേ എന്ന വാദവുമായി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ച് പുരുഷ സംഘടന പ്രവർത്തകർ. ഓൾ കേരള മെൻസ് അസോസിയേഷന്‍റെ (എകെഎംഎ) സംസ്ഥാന പ്രസിഡന്‍റ് വട്ടിയൂർക്കാവ് അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പൊങ്കാല അർപ്പിച്ചത്.
പോക്സോ കേസുകളിലും പീഡനക്കേസുകളിലും ഉൾപ്പെട്ട ചില പുരുഷന്മാർ ചേർന്ന് 16 വർഷം മുൻപ് രൂപീകരിച്ചതാണ് സംഘടന. കഴിഞ്ഞവർഷം മുതലാണ് സ്ത്രീകൾക്ക് നല്ല മനസ് ഉണ്ടാകണേ എന്ന വാദത്തോടെ സംഘടനയുടെ നേതൃത്വത്തിൽ പൊങ്കാല അർപ്പിക്കാൻ തുടങ്ങിയത്.
അതേസമയം സെക്രട്ടേറിയറ്റില്‍ സമരം ചെയ്യുന്ന സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ അമ്മമാരും പൊങ്കാലയിടാനെത്തിയിരുന്നു. ഇത് പ്രതിഷേധമല്ലെന്നും സർക്കാർ കണ്ണ് തുറക്കാനുള്ള പ്രാർത്ഥനയാണെന്നും അവര്‍ വ്യക്തമാക്കി. 2023 ൽ പുറപ്പെടുവിച്ച 530/2019 നമ്പര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ അമ്മമാരാണ് വിവിധ ജില്ലകളിൽ നിന്നായി മക്കൾക്ക് വേണ്ടി പൊങ്കാലയിടാനെത്തിയത്.
ഇവരിൽ ചിലര്‍ എല്ലാ വർഷവും പൊങ്കാലയിടുന്നവരാണ്. എന്നാൽ ഇത്തവണ 5 വർഷത്തോളം മക്കൾ കാത്തിരുന്ന, കുടുംബത്തിന്‍റെ പ്രതീക്ഷയായ ജോലി കിട്ടണേ എന്ന പ്രാർത്ഥനയോടെയാണ് ഇവര്‍ എത്തിയിരിക്കുന്നത്. ഇതിനുപുറമെ ക്ഷേമപെൻഷൻ മുടങ്ങിയതിന്മേൽ പ്രതിഷേധപ്പൊങ്കാലയും നടക്കുന്നുണ്ട്.
രണ്ടാം പിണറായി സർക്കാരിന് ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്നും സാമ്പത്തിക പ്രതിസന്ധി നീങ്ങട്ടെയെന്നുമാണ് ഇവരുടെ പ്രാർത്ഥന. ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം ആറ്റുകാല്‍ ദേവിയുടെ അനുഗ്രഹത്തിനായി എത്തിയവരാണ് തിരുവനന്തപുരം നഗരത്തിലെങ്ങും.