എറണാകുളം: ലൈംഗികാധിക്ഷേപ കേസില്‍ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനായി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള. കുപ്രസിദ്ധമായ പല കേസുകളിലും പ്രതിഭാഗത്തിനായി വാദിച്ച് അവരെ കേസിൽ നിന്ന് രക്ഷിച്ചെടുത്തതിലൂടെ പ്രശസ്‌തിയാർജ്ജിച്ച അഭിഭാഷകനാണ് രാമൻപിള്ള. ബോബി ചെമ്മണ്ണൂര്‍ രാമൻപിള്ള വഴി ഇന്ന് തന്നെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.
ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ ടി ആക്‌ടിലെ 67 വകുപ്പ് എന്നിങ്ങനെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ബോബി ചെമ്മണ്ണൂരിനെതിരേ കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഏതുവിധേനയും ജാമ്യം നേടുക എന്ന ഉദ്ദേശത്തോടെയാണ് ബോബി രാമൻ പിള്ളയെ സമീപിച്ചത്.
പഴുതടച്ച വാദഗതികളിലൂടെ തൻ്റെ കക്ഷികൾക്ക് വിജയമുറപ്പാക്കുന്ന ശൈലിയാണ് രാമൻപിള്ളയെ പ്രതിഭാഗത്തിന് പ്രിയങ്കരനായ അഭിഭാഷകനാക്കുന്നത്. ടിപി വധക്കേസിൽ നിന്ന് ഉന്നത സിപിഎം നേതാക്കളെ സമർത്ഥമായി ഊരിയ രാമൻപിള്ള തന്നെയാണ് കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ കിട്ടുമെന്ന് കരുതിയിരുന്നു ബിഷ്പ്പ് ഫ്രാങ്കോ മുളയ്ക്കനെ പുറത്തിറക്കിയത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനായി വാദിക്കുന്നതും ഇതേ രാമന്‍പിള്ള തന്നെ. അഭയകേസ്, ചേകന്നൂർ മൗലവി കേസ് അടക്കമുള്ള പ്രമാദമായ കേസുകളിലും രാമന്‍പിള്ള പ്രതിഭാഗത്തിനായി ഹാജരായിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിനായി രാമൻപിള്ള എത്തുമെന്നുറപ്പായതോടെ പൊലീസ് പതിവിൽക്കവിഞ്ഞ കൂടുതൽ മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പഴുതടച്ച കുറ്റപത്രമാകും പൊലീസ് ബോബിക്കെതിരെ സമർപ്പിക്കുക. കസ്‌റ്റഡിയിലെടുത്ത ബോബിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. നടി നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് പരിശോധിച്ച് ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനുള്ള സാധ്യതയടക്കം പൊലീസ് തേടുന്നുണ്ട്.