കോഴിക്കോട്: തിരക്കിന്‍റെ കുരുക്കിൽപ്പെട്ട് നെട്ടോട്ടമോടുന്ന കോഴിക്കോട് നഗരത്തിന് കുളിരും തണലുമാണ് മാനാഞ്ചിറ സ്ക്വയർ. ആ തലോടലിന് ഇന്ന് 30 വയസ് തികയുന്നു. ഒരു മനുഷ്യ നിർമിത കുളം മാത്രമായിരുന്നു ഇത്. കുളം വലുതാകുമ്പോൾ ചിറയെന്ന് വിളിക്കും. സാമൂതിരി രാജാവായിരുന്ന മാനവിക്രമന്‍റെ കാലത്ത് നിർമിച്ച ചിറ മാനാഞ്ചിറ എന്ന് അറിയപ്പെട്ടു.
3:49 ഏക്കർ വിസ്‌തൃതിയുള്ള ചിറ കോഴിക്കോടിന്‍റെ കുടിനീരാണ്. 19ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ കാലിക്കറ്റ് മുനിസിപ്പൽ കൗൺസിലാണ് ചിറ കുടിവെള്ള ആവശ്യങ്ങൾക്ക് മാത്രമായി നീക്കിവയ്‌ക്കണമെന്ന് ഉത്തരവിട്ടത്. കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും വിനോദ പ്രവർത്തനങ്ങൾക്കുമായി ഇത് ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്‌തു.
കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ്റെ പിതാവ് കുഞ്ഞിക്കൊരു മൂപ്പൻ കോഴിക്കോട്ടുകാർക്ക് വിനോദത്തിന് നൽകിയതാണ് ഈ സ്ഥലം. ഒരു കുളവും ചുറ്റുമുള്ള ഒഴിഞ്ഞ സ്ഥലങ്ങളും, അവിടെ മെല്ലെ മെല്ലെ മരങ്ങളും ചെടികളും പുൽത്തകിടികളും വളർന്നു.
1994 നവംബർ ഒൻപതിന് മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരൻ മാനാഞ്ചിറ സ്‌ക്വയർ ഉദ്ഘാടനം ചെയ്‌തു. ജില്ല കലക്‌ടർ ആയിരുന്ന അമിതാഭ് കാന്ത് 'മാനാഞ്ചിറ സ്‌ക്വയർ ടാസ്‌ക് ഫോഴ്‌സ്' ഉണ്ടാക്കിയാണ് സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആർക്കിടെക്‌ട് ആർ കെ രമേഷ് ആണ് സ്‌ക്വയർ രൂപകല്‍പന ചെയ്‌തത്.
പിന്നാലെ ചുറ്റുമതിലിൽ അലങ്കാരം വിടർന്നു, വിളക്കുകൾ തെളിഞ്ഞു. കവാടം ഉയർന്നു. പാർക്കുകൾ ഉണർന്നു. ഒരു കൃത്രിമ കുന്ന്, ശിൽപങ്ങൾ, ഓപ്പൺ എയർ തിയേറ്റർ, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവയാണ് പാർക്കിൻ്റെ പ്രധാന ആകർഷണങ്ങൾ. അങ്ങേയറ്റത്ത് അൻസാരി പാർക്കും.
പാർക്കിലെ ഭീമനെയും പാഞ്ചാലിയെയും ഓമഞ്ചിയെയുമെല്ലാം കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്തവർ. കരുത്തേകാൻ ഇന്ത്യയുടെ എക്കാലത്തേയും മികച്ച നയതന്ത്രഞ്ജൻ, പ്രതിരോധ മന്ത്രി വി കെ കൃഷ്‌ണമേനോന്‍റെ പൂർണകായ പ്രതിമ.
നഗരത്തിലെ ഗതാഗതം തിരിച്ചു വിടുന്ന ഒരു സർക്കിളാണ് മാനാഞ്ചിറ. ചുറ്റിക്കറങ്ങുമ്പോൾ ആരും നോക്കി പോകുന്ന മനോഹാരിത. ഇവിടുത്തെ സായാഹ്നങ്ങൾ മനോഹരമാണ്. വിശാലമായ പുൽത്തകിടിയിൽ നിവർന്നു കിടന്ന് ആശ്വാസ തീരമണിയുന്നവർ. ഒരരികിൽ ഓപ്പൺ ജിം. രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുന്നവരുടെ തിരക്കാണവിടെ. ഹാൻഡ്ബോൾ കോർട്ട് ഒഴിഞ്ഞ സമയമില്ല.
തുടക്കത്തിൽ രാവിലെ അഞ്ചു മുതൽ രാത്രി 10.30 വരെയായിരുന്നു പ്രവേശനം. എന്നാൽ പിന്നീട് പ്രവേശനം വൈകിട്ടു മുതലാക്കി. കെ വി മോഹൻ കുമാർ ജില്ല കലക്‌ടറായിരിക്കെ നടപ്പിലാക്കിയ ശില്‍പ നഗരം പദ്ധതിയുടെ നേർക്കാഴ്‌ചയും അവിടെ കാണാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ, മാനാഞ്ചിറ സ്‌ക്വയറിൽ പരിപാലനം കുറവാണ്. നേരത്തെ കെട്ടിയുണ്ടാക്കിയ പല ഹട്ടുകളും നശിച്ചു. ബെഞ്ചുകൾ തുരുമ്പെടുത്തു. സാഹിത്യനഗരമായ കോഴിക്കോട്ടെ ലിറ്റററി പാർക്കുകൂടിയായ അൻസാരി പാർക്കിലെ എഴുത്തുകാരുടെ കഥാപാത്രങ്ങൾക്ക് മങ്ങലേറ്റു. കുട്ടികളുടെ കളിയുപകരണങ്ങളെല്ലാം തകർന്നു. സംഗീതജലധാര വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം മാത്രമായിമാറി.
അതിന്‍റെ അറ്റത്തുള്ള പടയാളി ശില്‍പത്തിനും ബലം കുറഞ്ഞു. പലഭാഗത്തും മാലിന്യം കൂടിക്കിടക്കുന്നുണ്ട്. കൃത്യമായ മേൽനോട്ടമോ നവീകരണമോ ഇല്ലാതെയായി മാനാഞ്ചിറ സ്‌ക്വയർ. ഇവിടുത്തെ സായാഹ്നങ്ങൾ മനോഹരമാക്കാൻ, നല്ല വായു ശ്വസിക്കുന്ന ഒരിടമാക്കാൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. കോഴിക്കോടിന്‍റെ മുഖമുദ്രയായ മാനാഞ്ചിറ ഇനിയും വളരട്ടെ.
Also Read: ബേക്കൽ കോട്ടയിലെ കാഴ്‌ചകൾക്കിനി ഭംഗി കൂടും; പുതുക്കിയ സന്ദർശന സമയത്തിന് കയ്യടിച്ച് വിനോദ സഞ്ചാരികൾ