മലയാള വൈജ്ഞാനിക ലോകത്തെ സാഗര ഗര്‍ജനമായിരുന്നു സുകുമാര്‍ അഴീക്കോട്. ചിന്തകന്‍,വാഗ്മി, വിമര്‍ശകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം ആ ധിഷണാവെളിച്ചം മലയാളിയെ തൊട്ടിട്ടുണ്ട്. അറിവിന്‍റെ, നിരീക്ഷണങ്ങളുടെ അണപൊട്ടുന്ന അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ക്ക് വേദിയാകാത്ത ഇടങ്ങള്‍ കേരളത്തില്‍ ചുരുക്കമായിരിക്കും. അറിവും അലിവും അതുല്യമായി നെയ്‌ത് അണിയിച്ച ആ വാഗ്ധോരണി ഇന്നും മലയാളിയുടെ ഓര്‍മകളില്‍ ഒളിമങ്ങാതെ മുഴങ്ങുന്നുണ്ട്.
അദ്ദേഹത്തിന്‍റെ സിരകളെ എന്നും രാജ്യരാഷ്ട്രീയം ചൂടുപിടിപ്പിച്ചിരുന്നു. അതിന്‍റെ പ്രതിഫലനമായിരുന്നു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു കൈ പയറ്റാനുള്ള നിയോഗം. ദേശീയപ്രസ്ഥാനത്തോടുള്ള സ്നേഹവായ്‌പില്‍, 1962ല്‍ സുകുമാര്‍ അഴീക്കോട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തലശ്ശേരിയില്‍ അങ്കത്തിനിറങ്ങി. കെടി സുകുമാരന്‍ എന്ന പേരിലാണ് മത്സരിച്ചത്. എതിരാളി സര്‍ഗമലയാളത്തിന്‍റെ വിശ്വസഞ്ചാരി, സാക്ഷാല്‍ എസ്കെ പൊറ്റക്കാട്.
കേരളത്തിന്‍റെ സാംസ്‌കാരിക ഭൂമികയില്‍ വാക്കുകളിലൂടെ ധ്വനിപ്രകാശം ചൊരിഞ്ഞ ധിഷണാശാലികളായ രണ്ടുപേര്‍ ഏറ്റുമുട്ടിയ അത്യപൂര്‍വ മത്സരം. എസ്കെ പൊറ്റക്കാടിന് അക്കുറി പക്ഷേ പരിചയപ്പെടുത്തലിന്‍റെ ആവശ്യകതയുണ്ടായിരുന്നില്ല. അഴീക്കോടിനെ 64950 വോട്ടുകള്‍ക്ക് നിലംപരിശാക്കിയാണ് എസ് കെ പൊറ്റക്കാട് ലോക്‌സഭയിലെത്തിയത്.
മണ്ഡലത്തില്‍ ആകെ 5,01,672 വോട്ടര്‍മാര്‍. പോള്‍ ചെയ്‌തത് 3,75,373 വോട്ടുകള്‍. അസാധുവായത് ഒഴികെ സ്വീകരിക്കപ്പെട്ടത് 3,68,722. അതായത് 73.5%. എസ്‌കെ പൊറ്റക്കാട് 2,16,836 വോട്ടുകള്‍ സമാഹരിച്ചു. സുകുമാര്‍ അഴീക്കോടിന് 1,51,886 വോട്ടുകളാണ് ലഭിച്ചത്. അതായത് എസ്കെയ്‌ക്ക് 64,950 വോട്ടിന്‍റെ (17.3%) തകര്‍പ്പന്‍ ഭൂരിപക്ഷം.
അക്കുറി ആകെയുണ്ടായിരുന്ന 494ല്‍ 361 എംപിമാരുമായി കോണ്‍ഗ്രസ് ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. 27 അംഗങ്ങളുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി.
1957ലായിരുന്നു കേരള സംസ്ഥാന രൂപീകരണശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പ്. അടര്‍ക്കളത്തില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നേര്‍ക്കുനേര്‍. യുവത്വത്തില്‍ തന്നെ സഞ്ചാര സാഹിത്യത്തില്‍ വേറിട്ട വഴി വെട്ടിയ എസ്‌കെ പൊറ്റക്കാട് തന്‍റെ 44ാം വയസില്‍ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി തലശ്ശേരിയില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു. എതിര്‍സ്ഥാനാര്‍ഥി പില്‍ക്കാലത്ത് ആധുനിക വയനാടിന്‍റെ ശില്‍പ്പിയായി വിശേഷിപ്പിക്കപ്പെട്ട, കോണ്‍ഗ്രസിലെ എംകെ ജിനചന്ദ്രന്‍.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുപ്രകാരം ആകെ 4,68,639 വോട്ടര്‍മാരായിരുന്നു മണ്ഡലത്തില്‍. 63.2% ആയിരുന്നു മണ്ഡലത്തിലെ പോളിങ്. അതായത് പോള്‍ ചെയ്യപ്പെട്ടത് 2,96,394 വോട്ടുകള്‍. എന്നാല്‍ എംകെ ജിനചന്ദ്രന്‍ 1,10,114 വോട്ടുകള്‍ നേടി വിജയിച്ചു. എസ് കെ പൊറ്റക്കാട് 1,08,732 വോട്ടുകളുമായി അതായത് കേവലം 1382 എണ്ണത്തിന്‍റെ വ്യത്യാസത്തില്‍ തൊട്ടുപുറകില്‍. പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് പത്മപ്രഭ ഗൗഡര്‍ 77,548 വോട്ടുകളുമായി മൂന്നാം സ്ഥാനത്തും.
ആദ്യ പരാജയത്തോടെ പിന്‍വാങ്ങാതിരുന്ന എസ്കെ രണ്ടാം വട്ടം പോരിനിറങ്ങി വെന്നിക്കൊടി പാറിച്ചു. എന്നാല്‍ സുകുമാര്‍ അഴീക്കോട് പക്ഷേ പിന്നീട് തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലിറങ്ങിയിട്ടില്ലെന്നത് ചരിത്രം.