കോഴിക്കോട് : കുറ്റിക്കാട്ടൂരിന് സമീപം ആന കുഴിക്കരയിലെ ക്വാർട്ടേഴ്‌സിന് മുകളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കെ.എസ്.ഇ.ബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടി മരിച്ചു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലായിരുന്ന മാലിക് (12) ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.
70 ശതമാനം പൊള്ളലേറ്റ കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസക്കാരായ മുബാസിൻ്റയും റോസിനയുടെയും മകനായ മാലിക്കിന് മെയ് 24 നാണ് ടെറസിൻ്റെ മുകളിൽ നിന്ന് ഷോക്കേറ്റത്. ഒപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ബഹളംവച്ചപ്പോഴാണ് താഴെയുള്ളവർ വിവരം അറിയുന്നത്. ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടെറസിൽ വീണുകിടക്കുകയായിരുന്നു മാലിക്. അടുത്തുള്ളവർ ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചു.
കളിക്കുന്നതിനിടയിൽ കയ്യിലുള്ള വയർ കഷണം കുട്ടി വീശിയെറിഞ്ഞതാണ് ഷോക്കേൽക്കാൻ കാരണം എന്നാണ് പറയപ്പെടുന്നത്. കെട്ടിടവും ലൈനും തമ്മിലുള്ള അകലം കുറവായതും മുകളിൽ സുരക്ഷിതത്വമാർഗങ്ങള്‍ ഇല്ലാത്തതും അപകടത്തിന് കാരണമായി.
ALSO READ: കൊച്ചിയിൽ മലപ്പുറം സ്വദേശികളായ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി