ഹരാരെ: സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അഭിഷേക് ശര്‍മയുടെ സെഞ്ചുറിക്കരുത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 234 റണ്‍സാണ് അടിച്ചെടുത്തത്. 47 പന്തില്‍ 100 റണ്‍സടിച്ച അഭിഷേകിന് പുറമെ റുതുരാജ് ഗെയ്കവാദ് (47 പന്തില്‍ 77*), റിങ്കു സിങ് (22 പന്തില്‍ 48*) എന്നിവരും തിളങ്ങി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (4 പന്തില്‍ 2) രണ്ടാം ഓവറില്‍ തന്നെ മടങ്ങിയതോടെ ഇന്ത്യയുടെ തുടക്കം പാളി.
ബ്ലെസ്സിങ് മുസറബാനിക്കായിരുന്നു വിക്കറ്റ്. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച അഭിഷേക് - റുതുരാജ് സഖ്യം ഇന്ത്യയ്‌ക്ക് കരുത്തായി. തുടക്കം താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട അഭിഷേക് പിന്നീട് സിംബാബ്‌വെ ബോളര്‍മാരെ കടന്നാക്രമിച്ചു. 14-ാം ഓവറിന്‍റെ അവസാന പന്തില്‍ പുറത്താവും മുമ്പ് റുതുരാജിനൊപ്പം 137 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്.
ALSO READ: വരവ് അറിയിച്ച് അഭിഷേക് വര്‍മ; 47 പന്തില്‍ സെഞ്ചുറി
7 ഫോറുകളും 8 സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്‍റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ റിങ്കു സിങ് റുതുരാജിനൊപ്പം കത്തിക്കയറിയതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിയത്. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇരുവരും 87 റണ്‍സ് കൂട്ടിചേര്‍ത്തു. റുതുരാജ് 11 ബൗണ്ടറികളും ഒരു സിക്‌സും അടിച്ചു. അഞ്ച് സിക്സറുകളും രണ്ട് ഫോറുകളുമടങ്ങുന്നതായിരുന്നു റിങ്കുവിന്‍റെ ഇന്നിങ്.