ബെംഗളൂരു: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകൻ റിതുരാജ് ഗെയ്‌ക്‌വാദിനെ പിന്നിലാക്കിയാണ് കോലി റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് തിരികെ സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി - ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് മുന്‍പ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാനായിരുന്ന കോലി ഒന്നാമതുള്ള റിതുരാജിനേക്കാള്‍ ഒൻപത് റണ്‍സിനായിരുന്നു പിന്നില്‍.
ഗുജറാത്തിനെതിരായ മത്സരത്തില്‍ തകര്‍ത്തടിച്ച കോലി 27 പന്തില്‍ 42 റണ്‍സ് നേടിയാണ് പുറത്തായത്. മത്സരത്തില്‍ 148 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിയ്‌ക്ക് വെടിക്കെട്ട് തുടക്കം സമ്മാനിച്ച കിങ് കോലി ആദ്യ ഓവറില്‍ തന്നെ ഓറഞ്ച് ക്യാപ് തലയിലാക്കിയിരുന്നു. നിലവില്‍ 11 മത്സരം പൂര്‍ത്തിയായപ്പോള്‍ 67.75 ശരാശരിയില്‍ 542 റണ്‍സാണ് വിരാട് കോലി സ്വന്തമാക്കിയത്.
റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് വീണ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ അക്കൗണ്ടില്‍ 10 മത്സരങ്ങളില്‍ നിന്നും താരം അടിച്ചെടുത്ത 509 റണ്‍സാണ് ഉള്ളത്. ഇന്ന്, പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മത്സരമുണ്ട്. അതുകൊണ്ട് താരത്തിന് ഇന്ന് തന്നെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താനുള്ള അവസരമാണുള്ളത്.
ഗുജറാത്ത് ടൈറ്റൻസിന്‍റെ സായ് സുദര്‍ശനാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. ഇന്നലെ, ആര്‍സിബിക്കെതിരായ മത്സരത്തില്‍ താരത്തിന് ആറ് റണ്‍സേ നേടാൻ സാധിച്ചുള്ളു. ഇതോടെ, സീസണില്‍ താരം ആകെ നേടിയ റണ്‍സ് 11 കളിയില്‍ നിന്നും 424 ആയി.
രാജസ്ഥാൻ റോയല്‍സ് മധ്യനിര താരം റിയാൻ പരാഗാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്. 10 കളിയില്‍ നിന്നും 409 റണ്‍സാണ് താരം നേടിയത്. 10 മത്സരങ്ങളില്‍ നിന്നും 406 റണ്‍സടിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ക്യാപ്റ്റൻ കെഎല്‍ രാഹുലാണ് നിലവില്‍ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത്.
ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ റിഷഭ് പന്ത് (398), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ട് (397), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡ് (396), രാജസ്ഥാൻ റോയല്‍സ് ക്യാപ്‌റ്റൻ സഞ്ജു സാംസണ്‍ (385), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയ്‌ൻ (380) എന്നിവരാണ് പട്ടികയില്‍ ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.