മുംബൈ: ഇന്ത്യ ടി20 ലോകകപ്പിന് ഇറങ്ങുമ്പോള്‍ വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ശ്രദ്ധാകേന്ദ്രം. 2022-ലെ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഏറ്റ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ടീമിനായി ഇരുവരും ഫോര്‍മാറ്റില്‍ കളിച്ചിരുന്നില്ല. ഒരു വര്‍ഷത്തിലേറെ നീണ്ട ഈ ഇടവേള അവസാനിപ്പിച്ച് കഴിഞ്ഞ ജനുവരിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെയാണ് വെറ്ററന്‍ താരങ്ങളെ ബിസിസിഐ സെലക്‌ടര്‍മാര്‍ ഫോര്‍മാറ്റിലേക്ക് തിരികെ എത്തിച്ചത്.
രോഹിത് ശര്‍മയ്‌ക്ക് 37 വയസും വിരാട് കോലിയ്‌ക്ക് 36 വയസുമാണ് നിലവിലെ പ്രായം. ഇതു പരിഗണിക്കുമ്പോള്‍ മറ്റൊരു ലോകകപ്പ് കൂടി നേടാന്‍ ഇരുവര്‍ക്കും മുന്നിലുള്ള അവസാന അവസരമാണ് നടക്കാനിരിക്കുന്ന ടി20 ലോകകപ്പെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ്. ഒരു ചര്‍ച്ചയ്‌ക്കിടെ ഇതു സംബന്ധിച്ച കൈഫിന്‍റെ വാക്കുകള്‍ ഇങ്ങനെ...
"അന്താരാഷ്‌ട്ര തലത്തില്‍ ഇനി അധിക കാലം കളിക്കാന്‍ കഴിയില്ലെന്ന് രോഹിത് ശര്‍മയ്‌ക്ക് അറിയാം. ഏറിപ്പോയാല്‍ രണ്ടോ മൂന്നോ വര്‍ഷമാവും അതുണ്ടാവുക. വിരാട് കോലിയുടെ കാര്യവും സമാനമാണ്.
അതിനാല്‍ തന്നെ ഒരു ലോകകപ്പ് വിജയിക്കാന്‍ രോഹിത്തിനും കോലിയ്‌ക്കും മുന്നിലുള്ള അവസാന അവസരമാണ് ടി20 ലോകകപ്പ്. കഴിഞ്ഞ ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ തോല്‍വി വഴങ്ങി. വളരെ മികച്ച രീതിയിലായിരുന്നു അവര്‍ കളിച്ചത്.
ഹൃദയം തകര്‍ക്കുന്നതായിരുന്നു ആ തോല്‍വി. ഫൈനലിലെ തോല്‍വിക്ക് മുമ്പ് കളിച്ച 10 മത്സരങ്ങളും അവര്‍ വിജയിച്ചു. ഇനി ടി20 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്‌ക്ക് കാര്യമായ വെല്ലുവിളികളില്ല. അതിനാല്‍ തന്നെ സെമിയും ഫൈനലും നടക്കുന്ന ആ രണ്ട് ദിനങ്ങളാണ് ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്.
14 അവസരങ്ങൾ ലഭിക്കുന്നതിനായി അതു ഐപിഎല്‍ അല്ല. അതു കൊണ്ടു തന്നെ ആ രണ്ട് ദിവസത്തെ വെല്ലുവിളികള്‍ നേരിടാന്‍ നിങ്ങള്‍ തയ്യാറാണോ എന്നതാണ് ചോദ്യം. രോഹിത് ശര്‍മയ്‌ക്ക് നേരിടേണ്ടി വരുന്ന പ്രധാന പരീക്ഷണവും ഇതാവും"- മുഹമ്മദ് കൈഫ് പറഞ്ഞു.
ഇത്തവണ ലോകകപ്പ് നേടുന്നതിന് രോഹിതും കോലിയും കൂടുതൽ പ്രചോദനമാകുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. "ഏറെ അനുഭവ സമ്പത്തുള്ള താരങ്ങളാണ് രോഹിത്തും കോലിയും. ലോകകപ്പ് നേടുന്നതിനായി ഇരുവരും കൂടുതല്‍ പ്രചോദനമാവുമെന്നാണ് എനിക്ക് തോന്നുന്നത്.
2026- ആകുമ്പോള്‍ അവര്‍ എവിടെയാവുമെന്ന് നമുക്ക് പറയാന്‍ കഴില്ല. വീണ്ടുമൊരു ലോകകപ്പ് നേടുന്നതിനായി ഇന്ത്യയ്‌ക്ക് മുന്നിലുള്ള മറ്റൊരു അവസരമാണിത്. ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരായ തെറ്റ് തിരുത്താൻ അവർ ആഗ്രഹിക്കുമെന്നുറപ്പാണ്" മുഹമ്മദ് കൈഫ് പറഞ്ഞു നിര്‍ത്തി.