പാരീസ്: റഷ്യന്‍ ചാരനെന്ന് സംശയിക്കുന്ന ആളെ പാരീസില്‍ നിന്ന് പിടികൂടിയതായി ഫ്രഞ്ച് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ 14 വർഷമായി പാരീസില്‍ താമസിക്കുന്ന ഇയാള്‍ 2024 പാരീസ് ഒളിമ്പിക്‌സ് തടസപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാരീസിലെ പാചക സ്‌കൂളിൽ പരിശീലനം നേടിയ മുൻ റിയാലിറ്റി ടിവി താരമായ 40 കാരനാണ് പിടിയിലായത്.
ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങ് തടസപ്പെടുത്തുമെന്ന് ഇയാള്‍ പ്രഖ്യാപിച്ചിരുന്നതായി ഫ്രഞ്ച് പത്രമായ 'ലെ മോണ്ടെ' റിപ്പോർട്ട് ചെയ്യുന്നു. ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി), റഷ്യൻ ഇന്‍റേണൽ സെക്യൂരിറ്റി, കൗണ്ടർ ഇന്‍റലിജൻസ് സർവീസ് എന്നിവയുടെ ഏജന്‍റാണ് പിടിയിലായത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാരീസിലെ വസതിയിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തതെന്ന് പാരീസ് പ്രോസിക്യൂട്ടർ ഓഫീസിനെ ഉദ്ധരിച്ച് ലെ മോണ്ടെ പറഞ്ഞു. ഇയാള്‍ ഗൂഢാലോചനയിൽ ഉൾപ്പെട്ടിരുന്നു എന്നതിന്‍റെ തെളിവുകൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായും പത്രം റിപ്പോർട്ട് ചെയ്യുന്നു. എഫ്എസ്ബിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു ഉന്നത റഷ്യൻ പ്രത്യേക സേനയുടെ മാപ്പ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിയും റഷ്യൻ ഇന്‍റലിജൻസ് സർവീസ് ഹാൻഡ്‌ലറും തമ്മില്‍ രണ്ട് മാസം മുമ്പ് നടത്തിയ ഫോണ്‍ സംഭാഷ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഫ്രാന്‍സ് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്‌റ്റിലായ ആളെ അതേ ദിവസം തന്നെ കുറ്റം ചുമത്തി കസ്‌റ്റഡിയിൽ വിട്ടു. പ്രോസിക്യൂട്ടറുടെ ഓഫീസ് പറയുന്നതനുസരിച്ച് 30 വർഷം തടവ് അനുഭവിക്കേണ്ടി വരുന്ന ശിക്ഷയാണ് പ്രതി ചെയ്‌തിരിക്കുന്നത്.
ഒളിമ്പിക്‌സിലുടനീളം ഏകദേശം 30,000 പൊലീസ് ഓഫീസർമാരും ഫ്രഞ്ച് പട്ടാളക്കാരും പാരീസിൽ തെരുവുകളിൽ സുരക്ഷക്കായി ഉണ്ടാകുമെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചത്. നാളെ സെയ്ൻ നദിയിൽ അവതരിപ്പിക്കുന്ന ബോട്ട് പരേഡോടെ 2024 പാരീസ് ഒളിമ്പിക്‌സിന് തുടക്കമാകും.