പാരിസ്: ഒളിമ്പിക്‌സ് ഗുസ്‌തിയില്‍ അയോഗ്യയാക്കപ്പെട്ടതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. 'ഇത് കളിയുടെ ഭാഗമാണ്' എന്നാണ് താരം പ്രതികരിച്ചത്. ഒളിമ്പിക്‌സ് ഗുസ്‌തിയിലെ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം മത്സരത്തിന്‍റെ ഫൈനലില്‍ നിന്ന് 100 ഗ്രാം ഭാരം കൂടിയതിനെ തുടര്‍ന്ന് താരം അയോഗ്യയാക്കപ്പെട്ടിരുന്നു.
ദേശീയ വനിതാ കോച്ച് വീരേന്ദർ ദാഹിയയും മഞ്ജീത് റാണിയും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ കണ്ടിരുന്നു. 'ഞങ്ങൾ വിനേഷിനെ കണുകയും ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. അവള്‍ ധൈര്യശാലിയാണ്. മെഡൽ നഷ്‌ടമായത് നിര്‍ഭാഗ്യകരമാണ്, പക്ഷേ അത് മത്സരത്തിൻ്റെ ഭാഗമാണെന്ന് വിനേഷ് ഞങ്ങളോട് പറഞ്ഞു' എന്ന് വിനേഷ് ഫോഗട്ടിനെ കണ്ടതിന് ശേഷം വീരേന്ദർ ദാഹിയ പറഞ്ഞു.
ഈ വാര്‍ത്ത ഇന്ത്യന്‍ ഗുസ്‌തി താരങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു. താരങ്ങളുടെ ആവേശവും ഊര്‍ജവും നഷ്‌ടപ്പെടുത്തി എന്നും വീരേന്ദർ ദാഹിയ പറഞ്ഞു. വിനേഷ് മെഡൽ നേടുന്നത് കാണാനും ആഘോഷിക്കാനും രാജ്യം തയ്യാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി താരം മത്സരത്തില്‍ നിന്നും അയോഗ്യയാക്കപ്പെടുന്നത്. നിരവധി ഇന്ത്യന്‍ ഒളിമ്പിക്‌സ് ഉദ്യോഗസ്ഥരും വിനേഷ് ഫോഗട്ടിനെ കാണ്ടിരുന്നു.
Also Read: ഭാരം കുറയ്‌ക്കാന്‍ മുടി മുറിച്ചു, രക്തം കളഞ്ഞു; ക്ഷീണിച്ച് ആശുപത്രിയിൽ, ആരോഗ്യനില തൃപ്‌തികരം