പാരിസ്: പാരിസ് ഒളിമ്പിക്‌സ് ഗുസ്‌തിയില്‍ നിന്നും അയോഗ്യയാക്കിയതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി നാളെ. ഞായറാഴ്‌ച രാത്രി 9.30ന് മുൻപ് വിധി പറയും. വനിതകളുടെ 50 കിലോഗ്രാം ഗുസ്‌തി ഫൈനലിന് മുമ്പ് നടത്തിയ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഇതിനെതിരെ വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക കോടതിയിൽ നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരുന്നു.
വെള്ളി മെഡൽ അനുവദിക്കണമെന്നായിരുന്നു വിനേഷിന്‍റെ ആവശ്യം. മൂന്നു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിൽ, എല്ലാ കക്ഷികളുടെയും വാദങ്ങൾ ആർബിട്രേറ്റർ അന്നാബെൽ ബെന്നെറ്റ് കേട്ടു. ആദ്യം സ്വന്തം വാദങ്ങൾ വിശദമായി രേഖാമൂലം സമർപ്പിച്ച കക്ഷികൾ, പിന്നീട് ആർബിട്രേറ്ററിനു മുന്നിൽ നേരിട്ടും വാദമുഖങ്ങൾ നിരത്തി.
ഫൈനലിന് ഇറങ്ങേണ്ട ദിവസം രാവിലെ നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം കൂടിപ്പോയെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതർ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഇതിനെതിരെയാണ് താരം അപ്പീൽ നൽകിയത്. ഗുസ്‌തി മത്സരങ്ങൾ നടക്കുന്ന വേദിയിൽനിന്ന് താരങ്ങൾ താമസിക്കുന്ന ഒളിമ്പിക് വില്ലേജിലേക്കുള്ള ദൂരം ഉൾപ്പെടെയുള്ള വിഷയങ്ങൾ വിനേഷ് ഫോഗട്ടിനായി ഹാജരായ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ കോടതിക്കു മുന്നിൽ നിരത്തി.
ഇതിനു പുറമേ മത്സരങ്ങൾക്കിടയിലുള്ള തീരെ ചെറിയ ഇടവേളകളും ഭാരപരിശോധനയിൽ പരാജയപ്പെടാനുള്ള കാരണമായി എടുത്തുകാട്ടി. നാളെ ഒളിമ്പിക്‌സ് സമാപിക്കാനിരിക്കെ, അതിനു മുന്നോടിയായി വിധി പറയുമെന്നു കോടതി അറിയിച്ചിരുന്നു. ആദ്യ ദിവസം തുടർച്ചയായി മൂന്ന് എതിരാളികളെ തോൽപ്പിച്ച് ഫൈനലിലെത്തിയ വിനേഷ് ഫോഗട്ട്, തനിക്ക് സംയുക്ത വെള്ളിമെഡലിന് അവകാശം നൽകണമെന്നാണ് ആവശ്യപ്പെട്ടത്.