ഇസ്ലാമബാദ് : പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ (Pakistan Cricket Team) കളിക്കാര്‍ നേരിടുന്ന അരക്ഷിതാവസ്ഥ വെളിപ്പെടുത്തി യുവ പേസര്‍ നസീം ഷാ (Naseem Shah). ശരീരത്തിന് വിശ്രമം ലഭിക്കുന്നതിനായി ബ്രേക്ക് എടുക്കാന്‍ മുതിര്‍ന്ന കളിക്കാര്‍ ഭയപ്പെടുന്നുവെന്നാണ് നസീം ഷാ പറയുന്നത്. യുവ കളിക്കാര്‍ ടീമില്‍ തങ്ങളുടെ സ്ഥാനം നേടിയെടുക്കുമോയെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നും നസീം ഷാ പഞ്ഞു.
"സത്യസന്ധമായി പറഞ്ഞാൽ, വിശ്രമം വളരെ പ്രധാനമാണെന്ന് അറിഞ്ഞിട്ടും ടീമിലെ പ്രധാന കളിക്കാർ തങ്ങള്‍ക്ക് ആവശ്യമായ ബ്രേക്ക് എടുക്കാന്‍ ഭയപ്പെടുന്നു. കാരണം, ഒരു പുതിയ കളിക്കാരൻ വന്ന് ഒന്നോ രണ്ടോ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാൽ ടീമില്‍ പിന്നീട് സ്ഥാനമുണ്ടാവുമോയെന്ന് അറിയാത്തതാണ് പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ സംസ്‌കാരം.
ഈ ഭയം കളിക്കാരെ വിശ്രമിക്കാൻ അനുവദിക്കുന്നില്ല. കാരണം കരിയർ അവിടെ അവസാനിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. മറ്റ് രാജ്യങ്ങളിൽ ഒരു പ്രധാന കളിക്കാരന് വിശ്രമം നൽകിയാൽ, പകരക്കാരൻ വന്ന് ഒന്നോ രണ്ടോ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാൽ അവനെ ഒഴിവാക്കില്ലെന്ന് ഉറപ്പുനൽകും. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ മറിച്ചാണ്" - നസീം ഷാ പറഞ്ഞു.
മുതിർന്ന താരങ്ങൾ, ടീം മാനേജ്‌മെന്‍റ്, സെലക്ടർമാർ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എന്നിവർ തമ്മിൽ ഇക്കാര്യത്തില്‍ വ്യക്തതയും മികച്ചതുമായ ആശയവിനിമയം നടത്തേണ്ടതുണ്ട്. കളിക്കാന്‍ 100 ശതമാനം തയ്യാറല്ലെന്നും ശരീരത്തിന് വിശ്രമം വേണമെന്നും പറഞ്ഞാൽ പാകിസ്ഥാനില്‍ ചോദ്യം ചെയ്യപ്പെടുക കളിക്കാരന്‍റെ പ്രതിബദ്ധതയാണ്. ഒരു പരമ്പരയില്‍ ഒരു കളിക്കാരന്‍ എത്ര മത്സരങ്ങള്‍ കളിക്കണമെന്ന് അതിന് മുമ്പ് തന്നെ ഫിസിയോയും പരിശീലകരും ചേര്‍ന്ന് തീരുമാനിക്കേണ്ടതുണ്ട്.
ഒരുപക്ഷെ, അരക്ഷിതാവസ്ഥയും ആശയക്കുഴപ്പവും ഇല്ലാതാക്കാന്‍ ഇത് സഹായിച്ചേക്കും. ഇക്കാര്യത്തില്‍ കളിക്കാര്‍ക്ക് വ്യക്തതയുണ്ടെങ്കില്‍ പരിക്കുകള്‍ കുറയുകയും ചെയ്യുമെന്നും നസീം ഷാ വ്യക്തമാക്കി. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യ കപ്പ് (Asia Cup 2023), ഏകദിന ലോകകപ്പ് (ODI World Cup 2023) എന്നീ ടൂര്‍ണമെന്‍റുകളും പാകിസ്ഥാന്‍റെ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനങ്ങളും നസീം ഷായ്‌ക്ക് നഷ്‌ടമായിരുന്നു.
പരിക്ക് മൂലം പാക് ടീമിൽ തന്‍റെ സ്ഥാനം നഷ്‌ടപ്പെടുമെന്ന് പോലും ഭയപ്പെട്ടിരുന്നുവെന്നും 21-കാരന്‍ കൂട്ടിച്ചേര്‍ത്തു. ഏറെക്കാലം പുറത്തിരുന്നതിന് ശേഷം പാകിസ്ഥാൻ സൂപ്പർ ലീഗിലൂടെയാണ് നസീം ഷാ കളിക്കളത്തിലേക്ക് തിരികെ എത്തിയത്. താരത്തിന്‍റെ മടങ്ങിവരവ് ടി20 ലോകകപ്പിന് (T20 World Cup 2023) ഒരുങ്ങുന്ന പാകിസ്ഥാന് വമ്പന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.
ജൂണില്‍ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ചിരവൈരികളായ ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന്‍ പ്രാഥമിക ഘട്ടം കളിക്കുന്നത്.