മുംബൈ ഇന്ത്യൻസില്‍ 'സിവില്‍ വാര്‍...'?; താരങ്ങള്‍ രണ്ട് പക്ഷത്ത്, രോഹിതിന് പ്രമുഖരുടെ പിന്തുണ - MI Divided Into Two Factions - MI DIVIDED INTO TWO FACTIONS
മുംബൈ ഇന്ത്യൻസില്‍ താരങ്ങള്‍ രണ്ട് തട്ടിലെന്ന് റിപ്പോര്‍ട്ട്. ഒരു സംഘം താരങ്ങളുടെ പിന്തുണ മുൻ നായകൻ രോഹിത് ശര്‍മയ്‌ക്ക്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്കും പിന്തുണയുമായി താരങ്ങള്‍.
Published : Mar 28, 2024, 2:55 PM IST
മുംബൈ : പുതിയ നായകന് കീഴില്‍ ആറാം കിരീടം തേടിയെത്തിയ മുംബൈ ഇന്ത്യൻസിന് (Mumbai Indians) പ്രതീക്ഷിച്ച തുടക്കമല്ല ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) ലഭിച്ചിരിക്കുന്നത്. സീസണില്‍ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റൻസിനോട് ആറ് റണ്‍സിനും ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സിനോട് 31 റണ്‍സിനുമാണ് മുംബൈയ്‌ക്ക് തോല്‍വി വഴങ്ങേണ്ടി വന്നത്.
മുംബൈ ഇന്ത്യൻസിന്‍റെ പ്രകടനങ്ങളില്‍ ആരാധകരും അത്ര ഹാപ്പിയല്ല. സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതിന് പിന്നാലെ തന്നെ ടീമിനുള്ളിലെ അന്തരീക്ഷം കലുഷിതമായെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ടീമിനുള്ളിലെ പ്രശ്‌നം കൂടുതല്‍ ഗുരുതരമായിരിക്കുകയാണെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവിലെ ക്യാപ്‌റ്റൻ ഹാര്‍ദിക് പാണ്ഡ്യയേയും മുൻ നായകൻ രോഹിത് ശര്‍മയേയും പിന്തുണയ്‌ക്കുന്നവര്‍ രണ്ട് പക്ഷങ്ങളിലാണ് നിലവില്‍ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ഉള്ളതെന്നാണ് സൂചന. ടീമിലെ പ്രധാന താരങ്ങളായ ജസ്‌പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ ഉള്‍പ്പടെയുള്ള ചില താരങ്ങള്‍ രോഹിത് ശര്‍മയ്‌ക്കൊപ്പമാണ്. എന്നാല്‍, ഇഷാൻ കിഷൻ ഉള്‍പ്പടെയുള്ള ചില താരങ്ങള്‍ നായകൻ ഹാര്‍ദിക് പാണ്ഡ്യയെ ആണ് പിന്തുണയ്‌ക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് (Mumbai Indians Divided Into Two Factions).
ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ ആരാധകരും: ഗുജറാത്ത് ടൈറ്റൻസില്‍ നിന്നും മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറി ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ തന്നെ ഹാര്‍ദിക് പാണ്ഡ്യയെ രൂക്ഷമായ ഭാഷയിലാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. 2015 മുതല്‍ 2021 വരെ മുംബൈ ഇന്ത്യൻസിന്‍റെ പ്രധാന താരമായിരുന്നു ഹാര്‍ദിക് പണ്ഡ്യ. 2022ല്‍ ഗുജറാത്ത് ടൈറ്റൻസ് ടൂര്‍ണമെന്‍റിലേക്ക് വരവറിയിച്ചപ്പോഴാണ് താരം മുംബൈ വിട്ടത്.
നായകനായി ആദ്യ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് തൊട്ടടുത്ത വര്‍ഷം ഫൈനലിലും എത്തിക്കാൻ പാണ്ഡ്യയ്‌ക്ക് സാധിച്ചു. എന്നാല്‍, ഇതിനിടെ മുംബൈ ഇന്ത്യൻസിനെ ഇകഴ്‌ത്തുന്ന തരത്തില്‍ നിരവധി പരാമര്‍ശങ്ങളും താരം നടത്തി. ഇതോടെയാണ് ആരാധകര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ തിരിഞ്ഞത്.
എന്നാല്‍, ഈ വര്‍ഷത്തെ ഐപിഎല്ലിന് മുന്‍പായി നടന്ന പ്ലെയര്‍ ട്രേഡിങ്ങില്‍ ഹാര്‍ദിക്കിനെ മുംബൈ വീണ്ടും കൂടാരത്തിലെത്തിച്ചത് ആരാധകരെ ചൊടിപ്പിച്ചു. പിന്നാലെയാണ് രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും നീക്കി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്‌റ്റനായി ചുമതലയേല്‍പ്പിക്കുന്നത്. ഇതോടെ, ഭൂരിഭാഗം ആരാധകരും ഇടഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ ക്യാംപെയിനുകള്‍ ഉയര്‍ന്നു. മുംബൈ ഇന്ത്യൻസിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളെ അണ്‍ഫോളോ ചെയ്‌തും ആരാധകര്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍, ടീമിന്‍റെ ഭാവി മുന്നില്‍ കണ്ടുള്ള തീരുമാനമാണ് ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതിലൂടെ ചെയ്‌തതെന്നാണ് മാനേജ്‌മന്‍റ് ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം.
ടീമിന് അഞ്ച് കിരീടം നേടി കൊടുത്ത ക്യാപ്‌റ്റന് അര്‍ഹിക്കുന്ന ആദരവ് നല്‍കാൻ മുംബൈ ഇന്ത്യൻസ് തയ്യാറായില്ലെന്ന് ഉള്‍പ്പടെയുള്ള വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍, തീരുമാനങ്ങളില്‍ നിന്നും പിന്നോട്ട് പോകാൻ ടീം മാനേജ്‌മെന്‍റ് തയ്യാറാകാതെ വന്നതോടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലാണ് ടീം കളത്തിലിറങ്ങിയത്. അഹമ്മദാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ തന്നെ ആരാധകര്‍ ഹാര്‍ദിക്കിനെതിരായ പ്രതിഷേധം പരസ്യമാക്കി.
ടോസിന് ക്ഷണിച്ചപ്പോള്‍ മുംബൈ ഇന്ത്യൻസ് നായകനെ കൂവലോടെയാണ് ആരാധകര്‍ വരവേറ്റത്. കൂടാതെ, താരത്തിനെതിരെ ഗാലറിയില്‍ രോഹിത് ചാന്‍റുകളും ഉയര്‍ന്നു. മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് കയറിയ നായയെ ഹാര്‍ദിക് എന്ന് വിളിച്ചും അധിക്ഷേപിക്കുന്ന നിലപാട് ആരാധകര്‍ സ്വീകരിച്ചു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മുംബൈ ഇന്ത്യൻസിന്‍റെ തോല്‍വിയും. 278 റണ്‍സ് പിന്തുടര്‍ന്ന മത്സരത്തില്‍ മുംബൈയ്‌ക്കായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയസ ഹാര്‍ദിക് പാണ്ഡ്യ 20 പന്തില്‍ 24 റണ്‍സ് നേടിയാണ് മടങ്ങിയത്. ആദ്യ മൂന്ന് പന്തില്‍ 11 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ഹാര്‍ദിക്കിന്‍റെ സ്കോറിങ്ങിന് വേഗത കുറഞ്ഞത്. ഇതോടെ, ടീമിന്‍റെ തോല്‍വിയുടെ ഉത്തരവാദിത്വം ഹാര്‍ദിക്കിനാണ് എന്നാണ് ആരാധകരുടെ പക്ഷം.