ന്യൂഡൽഹി: അടുത്ത വർഷം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യുഎഇയിൽ നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടീം ഇന്ത്യ നോക്കൗട്ടിലേക്ക് യോഗ്യത നേടിയാൽ രണ്ടാം സെമിഫൈനലും ഫൈനലും യുഎഇയില്‍ നടക്കുമെന്നും സ്ഥിരീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി യുഎഇയിലെ മുതിര്‍ന്ന മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ ഷെയ്ഖ് നഹ്യാന്‍ അല്‍ മുബാറക്കുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വേദി സംബന്ധിച്ച് അന്തിമ തീരുമാനമായത്. ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഫെബ്രുവരി 23ന് നടക്കും.
JUST IN: ICC issues update on Champions Trophy 2025 venue.
— ICC (@ICC) December 19, 2024
Details 👇https://t.co/aWEFiF5qeS
നേരത്തെ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിലും ഒരു ന്യൂട്രൽ വേദിയിലുമായി കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങൾ എവിടെ നടക്കുമെന്ന് വ്യക്തതയില്ലായിരുന്നു. 2027 വരെ ഐസിസി സംഘടിപ്പിക്കുന്ന എല്ലാ ടൂർണമെന്‍റുകൾക്കും ഈ ക്രമീകരണം ബാധകമാകുമെന്ന് ഐസിസി വ്യക്തമാക്കി.
എന്നാൽ ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ ഫൈനലിന് യോഗ്യത നേടിയില്ലെങ്കിൽ ലാഹോറിലാണ് ഫൈനൽ മത്സരം. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിനും 2026 ൽ ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനും ഹൈബ്രിഡ് ക്രമീകരണം നടപ്പിലാക്കും.
സുരക്ഷാ കാരണങ്ങളാൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് പോകുന്നതിന് ഇന്ത്യ വിസമ്മതിച്ചിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ടീമുകൾ പാകിസ്ഥാനിൽ കളിച്ചിട്ടില്ല. 2012ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന ഉഭയകക്ഷി പരമ്പര നടന്നത്.