ന്യൂഡല്‍ഹി: ഡല്‍ഹി മാളിലെ ഒരു അജ്ഞാത കേന്ദ്രത്തിലിരുന്ന് ഭാര്യ-ഭര്‍ത്താക്കന്‍മാരാകാന്‍ പോകുന്നവരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ് ഭാവന പലിവാള്‍. രാജ്യത്ത് പുതുതായി വളര്‍ന്ന് വരുന്ന ഒരു വ്യവസായം ആണിത്, വെഡിങ് ഡിറ്റക്‌ടീവുകള്‍. അതേസമയം രാജ്യത്തെ യുവാക്കള്‍ വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹത്തെക്കാള്‍ പ്രണയ വിവാഹങ്ങളിലേക്ക് പോകുന്ന കാലഘട്ടത്തിലാണ് വെഡിങ് ഡിറ്റക്‌ടീവുകള്‍ സജീവമാകുന്നത് എന്നതും ശ്രദ്ധേയമാണ്.
എങ്കിലും മാതാപിതാക്കള്‍ അതീവ ശ്രദ്ധയോടെ തന്നെ തങ്ങളുടെ മക്കള്‍ക്കായി പങ്കാളികളെ തെരഞ്ഞെടുക്കുന്ന പരമ്പരാഗത രീതിക്ക് തന്നെയാണ് രാജ്യത്ത് കൂടുതല്‍ ജനപ്രീതിയും അംഗീകാരവും ഉള്ളത്. എന്നാല്‍ അതിവേഗത്തില്‍ സാമൂഹ്യാചാരങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സ്വന്തമായി തന്നെ എല്ലാവരും അവരവരുടെ പങ്കാളികളെ കണ്ടെത്തുകയാണ്.
ചിലര്‍ ഈ പ്രണയിനികളുടെ വിവാഹത്തിനായി ഒരു വൈദികനെയോ പാര്‍ട്ടി നടത്തിപ്പുകാരെയോ തേടുന്നതിന് മുമ്പ് തന്നെ പലിവാളിനെ പോലെയുള്ള അന്വേഷകരെയാണ് തേടുന്നത്. അതീവ സാങ്കേതികതയുള്ള ചാര ഉപകരണങ്ങളുമായി ഇവര്‍ പങ്കാളികളുടെ മുഴുവന്‍ വിവരങ്ങളും അന്വേഷിച്ച് കണ്ടെത്തുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തന്‍റെ മകള്‍ തനിക്കൊരു പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയ ഉടന്‍ തന്നെ താന്‍ പലിവാളിന്‍റെ സഹായമാണ് തേടിയതെന്ന് ഡല്‍ഹി നിവാസിയായ ഒരമ്മ വ്യക്തമാക്കുന്നു. തന്‍റെ വിവാഹ ജീവിതം വളരെ മോശമായിരുന്നുവെന്നും ഇവർ പറഞ്ഞു. മകളുടെ കാമുകനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇവര്‍ പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.
മകള്‍ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ അവളെ പിന്തുണയ്ക്കാന്‍ തന്നെയാണ് താന്‍ തീരുമാനിച്ചത്. എന്നാല്‍ ശരിയായി പരിശോധിക്കാതെ അവളുടെ തീരുമാനത്തിന് വിട്ടുകൊടുക്കാനും കഴിയുമായിരുന്നില്ല. പലിവാള്‍ ഇരുപത് വര്‍ഷത്തില്‍ കൂടുതലായി തന്‍റെ ഡിറ്റക്‌ടീവ് ഏജന്‍സി നടത്തുന്നു. തന്‍റെ ബിസിനസ് ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഒരു മാസത്തില്‍ എട്ട് കേസെങ്കിലും തന്‍റെ അടുക്കല്‍ എത്താറുണ്ട്.
അടുത്തിടെ തന്‍റെ ഭാവി ഭര്‍ത്താവിന്‍റെ വേതനത്തിലുള്ള വൈരുദ്ധ്യം കണ്ടെത്താനായും ഒരു പെണ്‍കുട്ടി തന്‍റെ സേവനം തേടിയിരുന്നതായി ഇവര്‍ വ്യക്തമാക്കുന്നു. തനിക്ക് 70,700 ഡോളര്‍ വാര്‍ഷിക വരുമാനമുണ്ടെന്നായിരുന്നു ഭാവി വരന്‍ ഇവരോട് പറഞ്ഞിരുന്നത്. എന്നാല്‍ തങ്ങളുടെ അന്വേഷണത്തില്‍ ഇത് കേവലം 7070 ഡോളര്‍ മാത്രമാണെന്ന് കണ്ടെത്താനായി.
സാമൂഹ്യ സേവനം, വേതനം ഇങ്ങനെ
ഇത് വളരെ പ്രത്യേകതകളുള്ള ജോലിയാണ്. തങ്ങള്‍ക്ക് ജ്യോതിഷിയുടെ സേവനവും ഉണ്ട്. വിവാഹത്തീയതി നിശ്ചയിക്കാനും മറ്റും ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നു. പലപ്പോഴും ആളുകള്‍ തങ്ങള്‍ ഡിറ്റക്‌ടീവ് സേവനം ഉപയോഗിക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയരുതെന്ന് കരുതുന്നവരാണെന്നും പലിവാള്‍ ചിരിച്ച് കൊണ്ട് വ്യക്തമാക്കുന്നു.
എന്തെല്ലാം കാര്യങ്ങള്‍ അറിയണം എന്നതിനെ അടിസ്ഥാനമാക്കിയാണ് സേവനത്തിനുള്ള പ്രതിഫലം ഈടാക്കുന്നത്. നൂറ് ഡോളര്‍ മുതല്‍ രണ്ടായിരം ഡോളര്‍ വരെ സേവനത്തിന്‍റെ വ്യത്യാസത്തിന് അനുസരിച്ച് ഈടാക്കാറുണ്ട്. ശരിക്കും കുടുംബങ്ങളെ സംബന്ധിച്ച് ഇത് വളരെ ചെറിയ തുകയാണ്. ഇവര്‍ ഇതിന്‍റെ എത്രയോ മടങ്ങ് വിവാഹത്തിനായി ചെലവിടുന്നു. ഇത് തങ്ങളുടെ ഭാവി മരുമകനെയോ മരുമകളെയോ കുറിച്ചുള്ള കേവലം വിവരങ്ങള്‍ തേടല്‍ മാത്രമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ചിലര്‍ക്ക് തങ്ങളുടെ ഭാവി പങ്കാളികളെക്കുറിച്ച് അറിയേണ്ടപ്പോള്‍ ചിലര്‍ വിവാഹ ശേഷം അവര്‍ക്ക് മറ്റൊരു ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഇത് സമൂഹത്തിനുള്ള ഒരു സേവനമാണെന്നും 51കാരനായ സഞ്ജയ് സിങെന്ന മറ്റൊരു ഡിറ്റക്‌ടീവ് വെളിപ്പെടുത്തുന്നു. തന്‍റെ ഏജന്‍സി ഇക്കൊല്ലം നൂറിലേറെ വിവാഹ അന്വേഷണം നടത്തിയെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
തന്‍റെ അടുത്തെത്തുന്ന ഏറെ കേസുകളും വിവാഹ പൂര്‍വ അന്വേഷണങ്ങളാണെന്ന് വീനസ് ഡിറ്റക്‌ടീവ് ഏജന്‍സി എന്ന സ്ഥാപനം നടത്തുന്ന ആകൃതി ഖത്രി വ്യക്തമാക്കുന്നു. വരന്‍ സ്വവര്‍ഗാനുരാഗിയാണോ എന്നതടക്കമുള്ള വിവരങ്ങളും തേടാറുണ്ടെന്ന് ഇവര്‍ ഉദാഹരണം ചൂണ്ടിക്കാട്ടി പറയുന്നു.
ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹങ്ങളില്‍, വിവാഹിതരാകാന്‍ പോകുന്നവര്‍ പരസ്‌പരം സംസാരിക്കുന്നതിന് മുമ്പ് തന്നെ കുടുബാംഗങ്ങള്‍ മുഴുവനും ചേര്‍ന്ന് ചില പരിശോധനകള്‍ നടത്താറുണ്ട്. സാമ്പത്തിക സ്ഥിതി, സാമൂഹ്യ ചുറ്റുപാടുകള്‍, ജാതി തുടങ്ങിയവയെല്ലാം അന്വേഷിച്ചറിയുന്നു. ജാതി നോക്കാതെ നടത്തുന്ന ചില വിവാഹങ്ങള്‍ ദുരഭിമാനക്കൊലയിലും മറ്റും അവസാനിക്കുന്ന സംഭവങ്ങളും നമുക്ക് ചുറ്റും നടക്കുന്നുണ്ട്.
നേരത്തെ ഇത്തരം പരിശോധനകള്‍ നടത്തിയിരുന്നത് കുടുംബാംഗങ്ങള്‍ നേരിട്ട് തന്നെ ആയിരുന്നു. ഇതിന് പുറമെ ചില പുരോഹിതന്‍മാരും ജ്യോതിഷികളും ഇക്കാര്യങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ നഗരവത്ക്കരണം വല്ലാതെ കൂടിയതോടെ സാമൂഹ്യ ബന്ധങ്ങള്‍ കുറഞ്ഞു, അത് കൊണ്ട് തന്നെ പരമ്പരാഗത രീതിയിലുള്ള വിവാഹാലോചന വിശകലനങ്ങള്‍ വെല്ലുവിളിയായി മാറി. ഓണ്‍ലൈനിലൂടെയാണ് മിക്കവാറും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹങ്ങള്‍ നടക്കുന്നത്. ഇതിനായി വെബ്സൈറ്റുകളോ ഡേറ്റിങ് ആപ്പുകളോ ഉപയോഗിക്കുന്നു.
നുണകളുടെ അടിത്തറ
വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ് വിവാഹ ഡിറ്റക്‌ടീവുകളുടെ പണി. നേരത്തെ വീടുകളില്‍ നേരിട്ട് പോയി അന്വേഷണം നടത്താമായിരുന്നെങ്കില്‍ ഇന്ന് ആധുനിക പാര്‍പ്പിട സമുച്ചയങ്ങളിലേക്ക് അത്ര സ്വതന്ത്രമായി കടന്ന് ചെല്ലാനാകില്ല. തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ മിക്കയിടത്തും ചെല്ലുമ്പോള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്നും സിങ് കൂട്ടിച്ചേര്‍ക്കുന്നു. തങ്ങള്‍ നിയമങ്ങളെല്ലാം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അധാര്‍മ്മികമായി ഒന്നും ചെയ്യരുതെന്ന് സംഘാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്.
സാങ്കേതികത ഏറെ സഹായകരം
തങ്ങളുടെ സേവനങ്ങള്‍ക്കായി ഒരു ആപ്പ് വികസിപ്പിച്ചിട്ടുണ്ടെന്ന് ഖത്രി വ്യക്തമാക്കുന്നു. അത് കൊണ്ട് ഓണ്‍ ലൈനായി തന്നെ വിവരങ്ങള്‍ സമര്‍പ്പിക്കാനാകും. അത് കൊണ്ട് തന്നെ ഇവരുടെ ഫോണുകളില്‍ ഇടപാടുകാരെ കുറിച്ച് യാതൊരു വിവരങ്ങളും ഉണ്ടാകില്ല. ഇത് ഇവരെ കൂടുതല്‍ സുരക്ഷിതരാക്കുന്നു. അത് പോലെ തന്നെ കുറച്ച് സമയം കൊണ്ട് തന്നെ മികച്ച ഫലവും കണ്ടെത്തുന്നു. നിരീക്ഷണ ഉപകരണങ്ങള്‍ക്ക് വലിയ ചെലവില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
കൊതുക് നിയന്ത്രണ ഉപകരണങ്ങളില്‍ പോലും നിങ്ങള്‍ക്ക് ഇവ ഘടിപ്പിച്ച് ദൃശ്യങ്ങളും ശബ്‌ദങ്ങളും റെക്കോര്‍ഡ് ചെയ്യാനാകും. ഇതില്‍ തന്നെ ജിപിഎസ് ട്രാക്കറുകളും ഘടിപ്പിക്കാനാകും. സാങ്കേതികത വളര്‍ന്നത് ബന്ധങ്ങളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. നാം കൂടുതല്‍ ഹൈടെക് ആകുന്തോറും ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നും ഇവര്‍ പറയുന്നു.
അതേസമയം ഒരു വഞ്ചന തുറന്ന് കാട്ടുന്നതിന് തങ്ങള്‍ സാങ്കേതികതയെയോ ഡിറ്റക്‌ടീവുകളെയോ കുറ്റപ്പെടുത്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം ബന്ധങ്ങള്‍ ഏറെക്കാലം നിലനില്‍ക്കില്ല. ഒരു ബന്ധവും നുണുകളുടെ മേല്‍ സൃഷ്‌ടിക്കാനാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Also Read: 69-ാം വയസില്‍ വിവാഹമോചനം: ഭാര്യക്ക് 3.7 കോടി രൂപ ജീവനാംശം നൽകാൻ ഭൂമി വിറ്റ് ഭർത്താവ്