മലപ്പുറം: അജിത് കുമാറിനെ വെള്ള പൂശുന്ന റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് പിവി അന്‍വര്‍ എംഎല്‍എ. അജിത് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറായില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു. താൻ നൽകിയ പരാതി അന്വേഷിച്ച് റിപ്പോർട്ട് കൊടുക്കാൻ പോവുകയാണ്. അജിത് കുമാറിനെ തൊടാൻ പിണറായിക്ക് കഴിയില്ല. തൊട്ടാല്‍ അജിത് കുമാർ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ എന്നും പിവി അന്‍വര്‍ പറഞ്ഞു.
പാർലമെൻ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തുടങ്ങിയതാണ് സിപിഎമ്മിൻ്റെ ന്യൂനപക്ഷ വിരോധം. സിപിഎമ്മിന് അല്ലാതെ വോട്ട് ചെയ്യുന്നവർ എല്ലാം തീവ്രവാദികൾ ആണെന്നാണ് പറയുന്നത്. ഇത്ര പച്ചയ്ക്ക് സിപിഎമ്മിൻ്റെ ചരിത്രത്തിൽ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും പിവി അന്‍വര്‍ ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെ ടി ജലീൽ എന്തുകൊണ്ടാണ് നിശബ്‌ദനായത് എന്നും പിവി അന്‍വര്‍ ചോദിച്ചു. ഒരു സമൂഹത്തെ ഒന്നടങ്കം വർഗീയ വാദി എന്ന് പറയുമ്പോൾ അത് ശരിയല്ല എന്ന് പറയാനെങ്കിലും ജലീലിലും അബ്‌ദുറഹ്മാനും റഹീമും ഇല്ലേ. പിണറായിക്ക് എതിരെ ഒരു ചെറുവിരൽ അനക്കിയാൽ അവൻ പാർട്ടിയിൽ ഉണ്ടാകില്ല.
വയനാട് സിപിഎം മുൻ സെക്രട്ടറി ഗഗാറിൻ ഞാൻ പറഞ്ഞ പലതിനും ഒപ്പം നിന്ന ആളാണ്. പിണറായിക്ക് എതിരെ ശബ്‌ദം ഉയർത്തുന്നവരെ പുറത്താക്കും. അതിൻ്റെ ഉദാഹരണമാണ് വയനാട്ടിലെ ഗഗാറിൻ. കൊല്ലത്ത് മരിച്ച ഒരു കോൺസ്റ്റബിൾ മരിക്കും മുൻപ് എനിക്ക് ഒരു കത്ത് എഴുതി വെച്ചിരുന്നു. അത് ഇന്നാണ് ആ കുടുംബം എത്തിച്ചു തന്നത്.
എസ് എച്ച് ഒ നൽകിയ മാനസിക പീഡനം കാരണമാണ് കോൺസ്റ്റബിൾ ലുഷ്യസ് ജീവനൊടുക്കിയത്. അരീക്കോട് എസ് ഒ ജിയുടെ മരണവും സമാനമാണ്. ജീവനൊടുക്കുന്ന പൊലീസുകാരുടെ എണ്ണം കൂടുകയാണെന്നും പിവി അന്‍വര്‍ ചൂണ്ടിക്കാട്ടി. ഇത് അന്വേഷിച്ചാൽ അതിൻ്റെ വാൽ ചെന്നെത്തുക എം ആര്‍ അജിത് കുമാറിലായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.