ഹൈദരാബാദ് : പുഷ്‌പ 2 പ്രീമിയര്‍ ഷോയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന് നോട്ടിസ് അയച്ച് ഹൈദരാബാദ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 11 മണിക്ക് ചിക്കട്‌പള്ളി പൊലീസിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം ജൂബിലി ഹില്‍സിലുള്ള നടന്‍റെ വീട്ടിലെത്തി ഒരു സംഘം അഭിഭാഷകര്‍ ചര്‍ച്ച നടത്തിയതായി വിവരമുണ്ട്.
ദില്‍ഷുഖ് നഗറിലുള്ള സന്ധ്യ തീയേറ്ററില്‍ പുഷ്‌പ പ്രീമിയര്‍ ഷോയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ ഗുരുതര പരിക്കോടെ കോമയില്‍ ആവുകയും ചെയ്‌തു. പിന്നാലെ കുട്ടിയ്‌ക്ക് മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. രേവതിയ്‌ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ ഡിസംബര്‍ 22ന് അല്ലു അര്‍ജുന്‍റെ വീട് ആക്രമിച്ചിരുന്നു.
അതേസമയം രേവതിയുടെ കുടുംബത്തിന് പുഷ്‌പ സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് 50 ലക്ഷം രൂപ കൈമാറി. യുവതിയുടെ ഭര്‍ത്താവ് ഭാസ്‌കറിനാണ് നിര്‍മാതാക്കള്‍ ചെക്ക് കൈമാറിയത്. അല്ലു അര്‍ജുനും യുവതിയുടെ കുടുംബത്തിന് സഹായം നല്‍കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
25 ലക്ഷം രൂപയാണ് താരം നല്‍കിയത്. കുടുംബത്തിന് ആവശ്യമുള്ള പിന്തുണ ഇനിയും നല്‍കാന്‍ തയാറാണെന്ന് അല്ലു അര്‍ജുന്‍ വ്യക്തമാക്കി. നേരത്തെ പുഷ്‌പ സംവിധായകന്‍ സുകുമാര്‍ യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ അല്ലു അര്‍ജുന്‍റെ വീട്ടിലെത്തി പൊലീസ് താരത്തെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന് നാംപള്ളി മജിസ്‌ട്രേറ്റ് കോടതി അല്ലുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരുന്നു. എന്നാല്‍ തെലങ്കാന ഹൈക്കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു.
Also Read: പുഷ്‌പ 2 സിനിമ റിലീസിനിടെ യുവതി മരിച്ച സംഭവം; കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കി നിര്‍മാതാക്കള്‍